കേരളത്തിൽ ബി.ജെ.പിയുടെ പ്രസന്നമായ മുഖങ്ങളിലൊന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയുടേത്. അഭിഭാഷകനും എഴുത്തുകാരനുമായ ശ്രീധരൻപിള്ള മിസോറാം ഗവർണറായി ചുമതലയേൽക്കുകയാണ്. പാർട്ടിക്കുള്ളിലും പുറത്തുമുള്ള വിമർശകർ എന്തൊക്കെ പറഞ്ഞാലും പാർട്ടിയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിലും, സംഘടനാശക്തി വിപുലീകരിക്കുന്നതിലും അദ്ധ്യക്ഷനെന്ന നിലയിൽ ശ്ളാഘനീയമായ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായി. മിസോറം ഗവർണറായി നിയമിതനായ അദ്ദേഹം പ്രസിഡന്റ് സ്ഥാനവും പാർട്ടി പ്രാഥമികാംഗത്വവും ഇന്നലെ ഒഴിഞ്ഞു. അടുത്തയാഴ്ച ഗവർണർ സ്ഥാനം ഏറ്റെടുക്കാനിരിക്കെ ശ്രീധരൻപിള്ള 'കേരളകൗമുദി" യോട് സംസാരിച്ചു.
ഗവർണർ പദവിയെ എങ്ങനെ കാണുന്നു?
ഭരണഘടനാ പദവിയെന്ന നിലയിൽ ജനങ്ങൾക്കുവേണ്ടി കൂടുതൽ സേവനം നടത്താൻ അവസരം ലഭിക്കും. മിസോറം ഗവർണർക്ക് രണ്ട് ജില്ലകളിൽ നേരിട്ട് ഭരണം നടത്താനുള്ള ഉത്തരവാദിത്വം കൂടിയുള്ളതായി കേൾക്കുന്നു. എന്തായാലും ജനസേവനത്തിനുള്ള അവസരമായിട്ടാണ് ഞാനിതിനെ കാണുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയതാണ്. അതിന്റെ തുടർച്ചയായി മാത്രമേ ഈ പദവിയെയും ഞാൻ കാണുന്നുള്ളൂ.
സജീവ രാഷ്ട്രീയം വിടുന്നതിൽ വിഷമമുണ്ടോ?
രാഷ്ട്രീയം എന്നാൽ കക്ഷിരാഷ്ട്രീയം മാത്രമല്ല. അതിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയമുണ്ട്. മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണനുമൊക്കെ സാമൂഹ്യരംഗത്ത് കാഴ്ചവച്ച പ്രവർത്തനങ്ങളുടെ മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. ജനസേവനവും ഒരു രാഷ്ട്രീയമാണ്. അത് രാഷ്ട്രത്തിന്റെ രാഷ്ട്രീയമാണ്. അതിൽ നിന്ന് വിട്ടുമാറില്ല. രാഷ്ട്രീയത്തോട് വിടപറയുന്നു എന്ന നിലയിൽ പുതിയ സ്ഥാനലബ്ധിയെ വ്യാഖ്യാനിക്കേണ്ടതില്ല.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ താങ്കളെ ഒതുക്കിയതാണെന്ന് ചില പ്രചാരണമുണ്ട് ?
അത് ശരിയല്ല.പ്രസിഡന്റെന്ന നിലയിൽ എന്റെ കാലാവധി നവംബറിൽ കഴിയുകയല്ലേ. ഉപതിരഞ്ഞെടുപ്പ് ഫലത്തിനു മുമ്പേ പ്രധാനമന്ത്രി മോദിജി നേരിട്ടു വിളിച്ചിരുന്നു. കേരളത്തിനു പുറത്തുള്ള ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്ന് ചോദിച്ചിരുന്നു. തീരുമാനം മോദിജിക്കു വിടുന്നുവെന്ന മറുപടിയാണ് ഞാൻ നൽകിയത്. പ്രസിഡന്റ് പദവിയുടെ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ് അഭിഭാഷകവൃത്തിയിലും എഴുത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. ഒരു പദവിക്കു വേണ്ടിയും ഇത്രയും കാലം ഞാൻ അവകാശവാദം ഉന്നയിച്ചിട്ടില്ല. പാർട്ടി നേതൃത്വം പറയുന്നതെന്തോ അത് അനുസരിക്കുന്നതാണ് എന്റെ പ്രകൃതം.
താങ്കൾക്കുശേഷം വരാൻ പോകുന്ന പുതിയ സംസ്ഥാന പ്രസിഡന്റിനോട് എന്താണ് പറയാനുള്ളത്?
ജനങ്ങളാണ് അടിസ്ഥാനബിന്ദു.അവർക്ക് സേവനം നൽകാനാണ് എപ്പോഴും ശ്രമിക്കേണ്ടത്.
കേരളത്തിൽ പാർട്ടി വളരാതിരിക്കാൻ കാരണം ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ചേരിതിരിവാണെന്ന് പൊതുവേ വിമർശനമുണ്ട് ?
അതേക്കുറിച്ച് ഒന്നും പറയാനില്ല.
അഭിഭാഷകവൃത്തിയിൽ നിന്നും മാറേണ്ടി വരുമല്ലോ?
ഞാൻ ഇന്നലെ ഹൈക്കോടതിയിലെത്തി എന്റെ എൻറോൾമെന്റ് സസ്പെൻഡ് ചെയ്തു.ഭാവിയിൽ വേണമെങ്കിൽ പ്രാക്ടീസ് ചെയ്യാമല്ലോ.എന്തായാലും അഭിഭാഷകവൃത്തി ഉപേക്ഷിച്ചിട്ടില്ല.
എഴുത്തിന്റെ കാര്യമോ?
എഴുതാനുള്ള അവസരം ഇനി കൂടുതൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 16 മാസത്തിനിടയിൽ മൂന്ന് നാല് ലേഖനങ്ങൾ 'കേരളകൗമുദി'യിൽ എഴുതിയതല്ലാതെ കൂടുതൽ എഴുതാനായില്ല. പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ അതിനൊന്നും സാവകാശം കിട്ടാറില്ല. ഞാൻ നേരത്തെ എഴുതിയ ഒരു കാര്യം ഇപ്പോൾ തൊഴിയൂർ സുനിൽ വധക്കേസിൽ യാഥാർത്ഥ്യമായി മാറിയ കാര്യം ഈ അവസരത്തിൽ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. ഞങ്ങളുടെ പ്രവർത്തകനായ സുനിലിനെ കൊന്ന കേസിൽ സി.പി.എം.പ്രവർത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കൊല്ലാൻ ഉപയോഗിച്ച വാളടക്കം കണ്ടെടുത്തു. പ്രതികളെന്ന് പൊലീസ് മുദ്രകുത്തിയവർ ചെയ്യാത്ത കുറ്റത്തിന് നാലുവർഷം ജയിലിൽ കിടന്നു. ക്രൂരമായ മർദ്ദനത്തിനിരയായി. അന്വേഷണ ഉദ്യോഗസ്ഥർക്ക് പാരിതോഷികവും സി.ഐക്ക് പ്രൊമോഷനും ലഭിച്ചു. അവരല്ല യഥാർത്ഥ പ്രതികളെന്ന് ഞാനന്ന് ലേഖനമെഴുതി. ഇപ്പോൾ 25 വർഷം കഴിഞ്ഞ് യഥാർത്ഥ പ്രതികളെ കണ്ടെത്തിയിരിക്കുന്നു. ഒരു പ്രത്യേക ഗ്രൂപ്പിൽപ്പെട്ടവരാണ് കൊല നടത്തിയത്. സമാനമായ അഞ്ച് കൊലപാതകങ്ങൾ അവർ നടത്തിയിരുന്നു. 2001ൽ അത് ലേഖനമായെഴുതി. 2005 ൽ സാക്ഷ്യം എന്ന പേരിൽ ഞാൻ പുസ്തകവുമാക്കി. അതിന്റെ അവസാനം ഞാൻ പറഞ്ഞത് " ഈ പൊലീസിനെ ഓർത്ത് ലജ്ജിക്കാം. ക്രൂശിക്കപ്പെട്ട നിരപരാധികൾക്കു വേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിക്കാം എന്നായിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫാണ് അന്നത് പ്രകാശനം ചെയ്തത്. യഥാർത്ഥ ചിത്രം നേരത്തെ ചൂണ്ടിക്കാട്ടാനായതിൽ ചാരിതാർത്ഥ്യമുണ്ട്.
പുസ്തക രചന ?
എന്നിലെ എഴുത്തുകാരനെ എന്നും പ്രോത്സാഹിപ്പിച്ചത് കേരളകൗമുദിയാണ്. പി.എസ്.വെൺമണി എന്ന പേരിൽ ഞാൻ കവിതകൾ എഴുതിയിരുന്നു. "മൂടുപടം നീക്കി ഒരു കവി പിറക്കുന്നു" വെന്ന തലക്കെട്ടിൽ കേരളകൗമുദി സൺഡേ സപ്ളിമെന്റിൽ വലിയ ഫീച്ചർ വന്നു. ആ പേരിൽ എഴുതുന്നത് ഞാനാണെന്ന് ആ ഫീച്ചറിലൂടെയാണ് വെളിപ്പെടുത്തിയത്. എന്റെ രണ്ട് പുസ്തകങ്ങൾ , വരുന്ന ഷാർജാ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യുന്നുണ്ട്. നവംബർ എട്ടിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇനിയിപ്പോൾ എനിക്ക് പോകാൻ കഴിയുമോയെന്ന് അറിയില്ല. 'അഞ്ചടിത്തോറ്റങ്ങൾ' എന്ന പുസ്തകം ഫോക് ലോറിനെപ്പറ്റിയാണ്. മറ്റൊന്ന് എന്റെ അഭിമുഖങ്ങളും പഴയ ചില ലേഖനങ്ങളും ,ചോദ്യോത്തര പംക്തിയുമൊക്കെ ചേർന്നുള്ളതാണ്. ' ഉത്തരം തേടുമ്പോൾ"എന്നാണ് ടൈറ്റിൽ. ജീവിതയാത്ര തന്നെ ഒരർത്ഥത്തിൽ ഉത്തരം തേടിയുള്ള യാത്രയാണല്ലോ.
സത്യപ്രതിജ്ഞ എന്നായിരിക്കും?
നവംബർ അഞ്ചിനോ ആറിനോ ആയിരിക്കും. ഗുവാഹത്തി ചീഫ് ജസ്റ്റിസിന്റെ സൗകര്യാർത്ഥമായിരിക്കും അത്.
കുടുംബം എന്തു പറയുന്നു?
അവർക്ക് സന്തോഷമാകുമല്ലോ. ഇനി എപ്പോഴും എന്നെ അടുത്തു കിട്ടുമല്ലോ
എതിർ രാഷ്ട്രീയക്കാർ ആരെങ്കിലും വിളിച്ചോ?
കോടിയേരി ,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി തുടങ്ങി പലരും വിളിച്ച് ആശംസകൾ നേർന്നു. പോകുന്നതിനു മുമ്പ് ഞാൻ മുഖ്യമന്ത്രിയെയും ബന്ധപ്പെടും.
മിസോറമിൽ നിന്ന് കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ആ ദേശത്തെപ്പറ്റി കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ടൂറിസം മേഖലയിൽ വലിയ നിക്ഷേപത്തിനൊക്കെ സാദ്ധ്യതകൾ ഉള്ള നാടെന്നാണ് കേട്ടിരിക്കുന്നത്. കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായാൽ അതിന് മുൻകൈയെടുക്കുമെന്നതിൽ സംശയമില്ല.