കൊല്ലം: വാഹനാപകടകേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാളെ ഒരു പൊലീസുകാരൻ ശകാരിച്ചുവിട്ട നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേസൊതുക്കിത്തീർക്കുന്നതിനായി പൊലീസുകാരനെ സമീപിച്ചയാളെ കാതടപ്പിക്കുന്ന രീതിയിലാണ് ശകാരിച്ചുവിട്ടത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗുരുപ്രസാദ് അയ്യപ്പനാണ് ആ പൊലീസുകാരൻ. കേസ് ഒതുക്കാൻ ശ്രമിച്ചയാൾ പിന്നീട് എസ്.ഐക്ക് മാപ്പ് എഴുതിക്കൊടുത്തതിന് ശേഷമാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഡിറ്റർ പി.ആർ സാബുവാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള് ഇല്ല സാർ
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ് ഐയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വ്യത്യസ്തമായ മാപേക്ഷയായിരുന്നു. പോക്കറ്റിൽ 500 രൂപ തിരുകിയാൽ തലചൊറിഞ്ഞു നിൽക്കുന്ന പൊലീസ് ഒന്നും ഇപ്പോൾ ഇല്ലെന്ന് ബോധ്യപ്പെട്ട ഒരാളുടെ മാപേക്ഷ. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റിൽ തിരുകിയതാണ്, പക്ഷെ കേട്ടത് പൊലീസിന്റെ ചെവിപൊട്ടുന്ന ശകാരമായിരുന്നു. കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ പരാതിക്കാരന് മസ്താപം. എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പും എഴുതിയാണ് പരാതിക്കാരൻ പോയത്.
മാപേക്ഷ വായിച്ചപ്പോഴാണ് കഥയിൽ മറ്റൈാരു ട്വിസ്റ്റ്. ഇയാൾ കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലിൽ ആരും കാണാതെ റിക്കോർഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ ! ഇക്കാര്യവും ഇയാൾ മാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. തന്റെ 21 വർഷത്തെ സർവീസിൽ ഇത്തരത്തിൽ ഒരനുഭവം ഇതാദ്യമാണെന്ന് പൊലീസുകാരനായ ഗുരു പ്രസാദ് അയ്യപ്പൻ പറഞ്ഞു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാർഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്ന് ഗുരുപ്രസാദ്.
എന്തിനും ഏതിനെ ആവശ്യമുണ്ടെങ്കിലും പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാൻ മടിക്കുന്നവരുടെ നാട്ടിൽ തന്റെ അനുഭവം തുറന്നു പറയാൻ മനസ്‌കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ഒപ്പം മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ അടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പൊലീസുകാരിലെ ശില്പികൂടിയായ ഗുരു പ്രസാദ് അയ്യപ്പന്റെ സുഹൃത്തായതിലെ സന്തോഷവും പങ്കുവയ്ക്കാതിരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ ഫേസ്ബുക്ക് കുറിപ്പ്.