പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് ദളിത് പെൺകുട്ടികൾ മരിച്ച കേസിൽ സർക്കാരിന് ഗുരുതര വീഴ്ചയെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു. കേസ് പുനരന്വേഷിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കോട്ട് നോക്കി മെഴുകുതിരി തെളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരും സാംസ്കാരിക നായകരും അർബൻ നക്സലുകളും എല്ലാം വാളയാർ കേസ് വന്നപ്പോൾ എവിടെപ്പോയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
കേസ് കോടതിയിലെത്തിയപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷൻ പെരുമാറിയത്. തെളിവുകൾ സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങുകയായിരുന്നു. കേരളാ പൊലീസിനെ സി.പി.എം നോക്കുകുത്തിയാക്കി. പാലക്കാടുനിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി എ.കെ ബാലനാണ് ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്തമെന്നും, കത്വ സംഭവത്തിൽ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാർ പീഡനകേസിൽ മൗനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.