gold

മുംബയ്: സ്വർണത്തിന് ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായിരുന്ന പ്രിയം നഷ്ടപെടുകയാണെന്ന് സൂചന. വിശ്വാസ പ്രകാരം സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിവസങ്ങളിൽ പോലും മഞ്ഞലോഹത്തിന്റെ വിൽപ്പന കുറഞ്ഞുവെന്നതാണ് ഇങ്ങനെ സംശയിക്കാൻ സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന കാരണം. ഇതുകൂടാതെ ഇന്ത്യയിൽ നിലവിലുള്ള സാമ്പത്തിക മാന്ദ്യവും, സ്വർണത്തിന്റെ വിലയിലുണ്ടായ ഉയർച്ചയും ഉപഭോക്താക്കളുടെ താത്പര്യകുറവിന് കാരണമായി പറയപ്പെടുന്നു. കഴിഞ്ഞ മാസം, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന രാജ്യമായ ഇന്ത്യയിൽ ലോഹത്തിന്റെ വില റെക്കോർഡിനോടടുത്തിരുന്നു.

ഇതിനിടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് വർഷത്തിനിടെയുള്ള ഏറ്റവും താണ നിലയിലേക്ക് പോകുകയും, തൊഴിലില്ലായ്മ വർദ്ധിക്കുകയും, വായ്പാ പ്രതിസന്ധി രാജ്യത്തേക്കുള്ള പണമൊഴുക്കിനെ ബാധിക്കുകയും ചെയ്തു. നാല് വർഷത്തിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ കാര്യമായ കുറവ് സംഭവിച്ചത് ഉപഭോക്താക്കളുടെ ഈ താത്പര്യമില്ലായ്മ മൂലമാണ്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയാണ് സ്വർണത്തിന്റെ ഇറക്കുമതിയിൽ ഉണ്ടായത്. ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ധൻതേരാസ് ദിനം. എന്നാൽ ദീപാവലിക്ക് മുൻപുള്ള ഈ ദിവസത്തിൽ പോലും ജ്വലറികളിലേക്ക് എത്തുന്ന ജനങളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു.

സ്വർണക്കടകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 20 ശതമാനം കുറവാണ് ധൻതേരാസ് ദിനത്തിൽ രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന വിലയും കാരണമാണ് സ്വർണം വാങ്ങാൻ ജനങ്ങൾ തയാറാകാത്തതെന്ന് ജ്വലറി ഉടമകളും സമ്മതിക്കുന്നുണ്ട്. ആൾ ഇന്ത്യ ജെം ആൻഡ് ജ്വലറി ആഭ്യന്തര കൗൺസിൽ ചെയർമാൻ എൻ. അനന്തപദമനാഭനും ഇക്കാര്യം സമ്മതിക്കുന്നു.ജനങ്ങൾ അവരുടെ സമ്പാദ്യം സൂക്ഷിച്ച് വയ്ക്കുകയാണെന്നും വരും കാലത്തെ പ്രതിസന്ധി നേരിടാൻ അവർ തയാറെടുക്കുകയാണെന്നുമാണ് അനന്തപദ്‌മനാഭൻ പറയുന്നത്. ദീപാവലി സമയത്താണ് ഉത്തരേന്ത്യയിൽ വിവാഹ സീസണും ആരംഭിക്കുന്നത്.

എന്നാൽ ഇങ്ങനെയൊരു സമയത്തും ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. മുംബയിൽ നിലവിൽ 10 ഗ്രാം സ്വർണത്തിന് 39,885 രൂപയാണ് കഴിഞ്ഞ മാസം ഈടാക്കിയത്. അതായത് കഴിഞ്ഞ വർഷത്തെ വിലയിൽ നിന്നും 20 ശതമാനം വർദ്ധന. ഇങ്ങനെ പോകുകയാണെങ്കിൽ അടുത്ത 12 മാസത്തിൽ ഇത് 41,500 രൂപയിലെത്തുമെന്നും സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്.

സ്വർണവില ഉയരുന്നത് കാരണം ഭാരം കുറഞ്ഞ ആഭരണങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുകയാണ് സ്വർണകടക്കാർ ചെയ്യുന്നത്. മാത്രമല്ല, സ്വർണം സമ്മാനമായി നൽകുന്ന പ്രവണതയും കുറഞ്ഞുവരികയാണെന്ന് ഇവർ പറയുന്നു. ഇതിനു പകരം ഗിഫ്റ്റ് കാർഡുകളും കൂപ്പണുകളുമാണ് ഇവർ ആവശ്യപ്പെടുന്നതെന്നും വിൽപ്പനക്കാർ പറയുന്നു. സ്വർണത്തിന് മാത്രമല്ല വെള്ളിക്കും ആവശ്യക്കാർ ഇപ്പോൾ കുറവാണ്. സ്വർണക്കടക്കാർ പറഞ്ഞു.