valayar-case-

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തെളിവുകളുടെ അഭാവത്തിൽ വാളയാർ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടത്. ഇതേ തുടർന്ന് വൻ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും ഭരണകക്ഷിയിലെ പ്രാദേശിക നേതൃത്വവും ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരിയായ കെ.ആർ മീര രംഗത്തെത്തിയിരിക്കുന്നു. ഒരു ഇഗ്ലീഷ് പത്രത്തിൽ വാളയാർ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം ഫേസ്ബുക്കിൽ പങ്കുവച്ചാണ് കെ.ആർ മീരയുടെ പ്രതികരണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? എന്ന് കെ.ആർ മീര ചോദിക്കുന്നു. നിലവിൽ ലൈംഗികാതിക്രമ കേസുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാർക്കും പിന്നെ പ്രതിഭാഗം അഭിഭാഷകർക്കും മാത്രമാണ് ഗുണമുള്ളുവെന്നും കെ.ആർ മീര പറയുന്നു.

വാളയാർകേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാർ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാര പദവികളിൽനിന്നെല്ലാം അകറ്റിനിർത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളിൽപ്പെട്ടവരാണ് അവർ. അച്ഛനും അമ്മയും പണിക്കുപോയാൽ മാത്രം അടുപ്പിൽ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആർഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല- കെ.ആർ മീര പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

''നിലവിൽ, ലൈംഗികാതിക്രമകേസുകൾ കൊണ്ട് രണ്ടു കൂട്ടർക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാർക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകർക്ക്.

അതിന്റെ ഫലമോ? അതറിയാൻകേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെൺവാണിഭകേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാൽ മതി. മിക്കവാറും പട്ടികകളിൽ ഒരേപേരുകൾ ആവർത്തിക്കുന്നതു കാണാം. സീരിയൽറേപ്പിസ്റ്റുകൾ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികൾലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവർത്തിക്കാൻ എങ്ങനെ ധൈര്യം കിട്ടുന്നു എന്നചോദ്യത്തിന് അവരെല്ലാവരും നൽകുന്ന ഉത്തരം ഒന്നുതന്നെയാണ് – ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതിൽനിന്ന് അല്ലെങ്കിൽ ആദ്യത്തെ തവണ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടതു കൊണ്ട്. മിക്കവാറും അതിക്രമികൾ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങൾക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ ലൈംഗികാതിക്രമകേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

വാളയാർകേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാർ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാരപദവികളിൽനിന്നെല്ലാം അകറ്റിനിർത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളിൽപ്പെട്ടവരാണ് അവർ.

അച്ഛനും അമ്മയും പണിക്കുപോയാൽ മാത്രം അടുപ്പിൽ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആർഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല.
ആ ഒമ്പതു വയസ്സുകാരിയുടെപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവളുടെ ആമാശയത്തിൽ തിരിച്ചറിയാൻ കഴിഞ്ഞ ഭക്ഷണപദാർഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാർഥങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തിൽ ആയിരുന്നു എന്നും.

അതിന്റെ അർത്ഥം അവൾ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?

ഇല്ലെങ്കിൽ ഓർക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തിൽ, കൂടുതൽ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്. ''