കള്ളനെ ആരാധിക്കുന്ന റെയിൽവെസ്റ്റേഷനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേരളത്തിലെ കായംകുളം കൊച്ചുണ്ണിയെപ്പോലെ മറ്റൊരു ധീരനാണ് ഈ കള്ളൻ. ഒരു ജനകീയനായ കള്ളൻ. ബ്രിട്ടീഷുകാരുടെ സ്വത്ത് കൊള്ളയടിച്ച് അവിടുത്തെ ഗ്രാമീണരെ സേവിച്ച ഒരു ധീരൻ. താന്ത്യാബീൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. മദ്ധ്യപ്രദേശിലാണ് ഇങ്ങനെയൊരു റെയിൽവെസ്റ്റേഷൻ.
താന്ത്യാബീൽ മരണപ്പെട്ട സ്ഥലത്ത് ട്രെയിൻ നിറുത്തിയാണ് റെയിൽവെ ഇയാളെ ആദരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കിടയിൽ കൊടും കള്ളനായും നാട്ടുകാർക്കും ഗോത്രവർഗക്കാർക്കും ദൈവവമായും അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർക്കെതിരെ പോരാടി. ബ്രിട്ടീഷ് അധികാരികളുടെ സ്വത്ത് കൊള്ളയടിച്ച് പാവങ്ങൾക്കും അർഹതപ്പെട്ടവർക്കും അത്ഭുതകരമായ രീതിയിലായിരുന്നു ബീൽ എത്തിച്ചിരുന്നത്. തന്റെ അറിവിലുള്ള ആളുകൾക്ക് പണമോ മറ്റു സഹായങ്ങളോ വേണ്ടിയിരുന്നപ്പോഴും അദ്ദേഹം എത്തിയിരുന്നു.
എന്നാൽ, തങ്ങളുടെ ചൊൽപ്പപടിക്ക് നിൽക്കാത്ത അദ്ദേഹത്തെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. അവസാനം പാതാൾപാനി വെള്ളച്ചാട്ടത്തിനടുത്തുള്ള റെയിൽവെപാളത്തിൽവെച്ച് അദ്ദേഹത്തെ ബ്രിട്ടീഷുകാർ പിടികൂടി കൊലപ്പെടുത്തി. ബീലിന്റെ മരണത്തിനു ശേഷം ഈ റെയിൽവേ ട്രാക്കിൽ അപകടങ്ങൾ പതിവായെന്ന് ഇവിടത്തുകാർ പറയുന്നു. ട്രെയിനുകൾക്കു പാളം തെറ്റുന്നതും ആളുകൾ ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്നതും കൂടിയപ്പോൾ താന്ത്യയുടെ ആത്മാവിന്റെ സാന്നിദ്ധ്യമാണ് ഇതിനു കാരണമെന്ന് ചിലർ വിശ്വസിച്ചു. തുടർന്ന് ഇവിടെ ട്രാക്കിനു സമീപം താന്ത്യയ്ക്കായി ഒരു ക്ഷേത്രം നിർമ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
അന്നു മുതൽ ഇന്നു വരെ ട്രെയിനുകൾ ഇതുവഴി കടന്നു പോകുമ്പോൾ ഇവിടെ നിറുത്തി അദ്ദേഹത്തെ ഒന്നു വണങ്ങിയ ശേഷം മാത്രമേ പോകാറുള്ളൂ. ഇതുവഴി കടന്നു പോകുന്ന ട്രെയിനുകൾ ഇവിടെ താന്ത്യാ ബീലിന്റെ ക്ഷേത്രത്തിനു മുന്നിൽ നിറുത്തുന്നത് ആരാധിക്കാനായി അല്ല എന്നാണ് റെയിൽവെ പറയുന്നത്. മദ്ധ്യപ്രദേശിലെ ഏറ്റവും അപകടകാരിയായ പാതാൾപാനി വെള്ളച്ചാട്ടത്തിനോട് ചേർന്നാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.