police

ആറ്റിങ്ങൽ: വർക്കല സർക്കാർ ബോയ്സ് ഹൈസ്‌കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ പൊലീസ് തല്ലിചതച്ചെന്ന് പരാതി. സ്ക്കൂളിൽ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളിൽ കടന്നുകയറി വിദ്യാർത്ഥികളെ മർദിച്ചത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. വിദ്യാർത്ഥികൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് തങ്ങൾ വിദ്യാർത്ഥികൾക്കെതിരെ ലാത്തി വീശുകയാണ് ചെയ്തതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

കുട്ടികൾ പടക്കം പൊട്ടിച്ചത് സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പാൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ലഭിച്ചതിനു ശേഷമാണ് വർക്കല എസ്.ഐ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്‌കൂളിലേക്ക് എത്തിയത്. പൊലീസിന്റെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ സുധീഷിന് പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി ഇപ്പോൾ വർക്കല ശിവഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

കബഡി ടീമിലെ അംഗമായിരുന്ന സുധീഷ് അടുത്ത ദിവസം കബഡി ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ പോകാനിരിക്കെയാണ് പൊലീസിൽ നിന്നും ആക്രമണം നേരിട്ടത്. സംഭവത്തെ തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പൊലീസിൽ നിന്നും കുട്ടികൾക്ക് മർദ്ദനം നേരിട്ടതിനെ തുടർന്ന് നാട്ടുകാരും കുട്ടികളുടെ മാതാപിതാക്കളും പ്രതിഷേധത്തിലാണ്. അധികം താമസിയാതെ തന്നെ പൊലീസുകാർക്കെതിരെ പരാതി നൽകാനുള്ള നീക്കത്തിലാണ് മാതാപിതാക്കൾ.