ghar-wappasi-

നാഗ്പൂർ : ഹിന്ദുമതത്തിൽ നിന്നും ഇതര മതങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരുന്നതിനായി വിശ്വ ഹിന്ദു പരിഷത്ത് ആവിഷ്‌കരിച്ച ഘർവാപ്പസിയിലൂടെ കഴിഞ്ഞ വർഷം 25000 മുസ്ളീങ്ങളും ക്രിസ്ത്യാനികളും മടങ്ങിയെത്തിയെന്ന് സംഘടനയുടെ അവകാശവാദം. വി.എച്ച്.പിയുടെ ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദെയാണ് കഴിഞ്ഞ വർഷത്തെ ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് മതപരിവർത്തനമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇതിനെതിരെ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഹിന്ദുമതത്തിൽ നിന്നും മതം മാറിയവരെ തിരികെ കൊണ്ടുവരാൻ വി.എച്ച്.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഘർവാപ്പസി ചടങ്ങുകൾ സംഘടിപ്പിക്കും. അയോദ്ധ്യ കേസ് സംബന്ധിച്ച് കോടതിയിൽ നിന്നും ഉടൻ പുറത്തുവരാനുള്ള വിധിയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും, കോടതിയിൽ തെളിവായി ഹാജരാക്കിയ പുരാവസ്തു രേഖകൾ അനുകൂലമാവുമെന്നും മിലിന്ദ് പരാന്ദെ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഹിന്ദുക്കളെ സംരക്ഷിക്കുവാൻ പൗരത്വ ബില്ലിൽ ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.