ഭോപ്പാൽ: മദ്ധ്യപ്രദേശ് സ്വദേശി ഹോണ്ട ആക്ടീവ വാങ്ങാനെത്തിയത് 83,000രൂപയുടെ നാണയങ്ങളുമായി. ധൻതേരസ് ദിനത്തിലാണ് സത്‌നയിലെ രാകേഷ് ഗുപ്ത എന്നയാൾ നാണയങ്ങൾ നിറച്ച വലിയ ചാക്കുകെട്ടുകളുമായി കൃഷ്ണ ഹോണ്ട ഷോറൂമിലെത്തിയത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും കോയിനുകളാണ് ഉണ്ടായിരുന്നത്.
ദീപാവലി ആഘോഷവേളയിലായതിനാൽ അക്ടീവ വാങ്ങാനെത്തിയ വ്യക്തിയെ നിരാശപ്പെടുത്തേണ്ടെന്ന് ഷോറുമിലുള്ളവർ കരുതി. തുടർന്ന് മാനേജരായ അനുപം മിശ്ര ഷോറും ഉടമയെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിൽ നിന്ന് പച്ചക്കൊടി കിട്ടിയതോടെ രാകേഷിന് ആക്ടീവ വിൽക്കാൻ തന്നെ ജീവനക്കാർ തീരുമാനിച്ചു.
എന്നാൽ ഒരു കണ്ടിഷൻ അവർ മുന്നോട്ടുവച്ചു. മുഴുവൻ നാണയങ്ങളും എണ്ണിത്തീരുംവരെ സമയം തരണമെന്നായിരുന്നു അത്. ഷോറൂമിലെ മൂന്ന് ജീവനക്കാർ നാല് മണിക്കൂറുകൊണ്ടാണ് നാണയങ്ങൾ എണ്ണിത്തീർത്തത്. 83,000 രൂപ വിലവരുന്ന പുതിയ ബിഎസ്6 നിലവാരത്തിലുള്ള ആക്ടീവയാണ് രാകേഷ് സ്വന്തമാക്കിയത്.