ശ്രീനഗർ: കാശ്മീരിലെ നിലവിലെ സ്ഥിതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം. 28 അംഗ പ്രതിനിധി സംഘം നാളെ ജമ്മു കാശ്മീരിലെത്തുകയും ചെയ്യും. വാഷിംഗ്ടണിൽ നടന്ന കോൺഗ്രഷണൽ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചാണ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. കാശ്മീർ സന്ദർശിക്കുന്ന സംഘത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദർശിക്കാൻ കഴിയട്ടെ എന്നും കാശ്മീരിലെ ഭരണപരിഷ്കാരങ്ങളെയും വികസനനയങ്ങളെയും കുറിച്ച് മാത്രമല്ല കശ്മീരിന്റെ സംസ്കാരവും ബഹുസ്വരതയും മനസിലാക്കാൻ അവസരം ലഭിക്കട്ടെ എന്നും മോദി ആശംസിച്ചു.
സംഘം ജമ്മു കാശ്മീർ സന്ദർശിക്കുന്ന വാർത്തയറിഞ്ഞ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽടിജ മുഫ്തി ട്വിറ്റർ വഴി ഇങ്ങനെ പ്രതികരിച്ചു. 'അവർക്ക് പ്രദേശത്തെ ജനങ്ങളോടും പ്രാദേശിക മാദ്ധ്യമങ്ങളോടും ഡോക്ടർമാരോടും സിവിൽ സൊസൈറ്റി അംഗങ്ങളോടും സംസാരിക്കാൻ അവസരം ലഭിക്കും എന്ന് ഞാൻ ആശിക്കുന്നു. കാശ്മീരിനും ലോകത്തിനും ഇടയ്ക്കുള്ള ഉരുക്ക് തിരശീല ഉയർത്തപ്പെടണം. കാശ്മീരിനെ ദുരിതത്തിലേക്ക് തള്ളിവിട്ടത് ഇന്ത്യൻ സർക്കാരാണ്.'
കാശ്മീരിനെ വിഭജിക്കാനും ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്ത് മാറ്റാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാശ്മീരിലെ മുൻ മുഖ്യമന്ത്രി ഒമർ അബുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള രാഷ്ട്രീയക്കാരെയും മറ്റുള്ളവരെയും വീട്ടുതടങ്കലിൽ താമസിപ്പിച്ചിരിക്കുന്നതിനെതിരെയും കാശ്മീരിലെ നിരോധനാജ്ഞയ്ക്കെതിരെയും യു.എസ് ആക്റ്റിംഗ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആലീസ് വെൽസ് സംസാരിച്ചിരുന്നു.
മാനുഷികാവകാശങ്ങളെ ബഹുമാനിക്കണമെന്നും ഇന്റർനെറ്റ്, ടെലിഫോൺ സംവിധാനം അടക്കമുള്ള എല്ലാ സേവനങ്ങളും പുനഃസ്ഥാപിക്കണമെന്നും താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആലീസ് വെൽസ് കൂടിക്കാഴ്‌ച്ചയ്ക്കിടെ പറഞ്ഞിട്ടുണ്ട്. എന്നാൽ കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. കാശ്മീരിലെ സാഹചര്യം സാധാരണ നിലയിൽ എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് മറ്റ് രാജ്യങ്ങളോടായി കേന്ദ്ര സർക്കാരും പറഞ്ഞിട്ടുണ്ട്.