mondaicaud-bhagavathi-tem

ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് മണ്ടയ്ക്കാട്ട് ഭഗവതി അമ്മൻ ക്ഷേത്രം. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതിൽ ഭഗവതി അമ്മൻ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. കടൽത്തീരത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്താറുണ്ട്.

ആദ്യമായി ഈ ക്ഷേത്രത്തിലെത്തുന്നവർ ശരിക്കുമൊന്ന് ഞെട്ടും. ഒരു മഹാക്ഷേത്രത്തിന്റെ കെട്ടുംമട്ടും നാലമ്പലവും മുഖമണ്ഡപവും ബലിക്കല്ലുമെല്ലാം പ്രതീക്ഷിക്കുന്നവർക്ക് തെറ്റി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരടിപ്പൊക്കത്തിലിരുന്ന ഒരു ചിതൽപ്പുറ്റ് സ്വയം വളർന്ന് മൂന്നാൾപ്പൊക്കത്തിലും ഒരു മുറിയോളം വലുപ്പത്തിലും മഹാചെെതന്യമായി നിലകൊള്ളുന്ന അത്ഭുതകാഴ്ചയാണ് കാണുക. ഇന്നും ഈ പുറ്റ് വളർന്നുകൊണ്ടേയിരിക്കുന്നു. മഹാദേവി കുടികൊള്ളുന്ന ഈ പുറ്റിനു ചുറ്റുമായി കെട്ടിയുണ്ടാക്കിയ ഒരു മണ്ഡപം. മറ്റ് ഗോപുരങ്ങളോ അലങ്കാരപ്പണികളോ പോലുള്ള വലിയ ആ‍ർഭാടങ്ങളില്ല.

mondaicaud-bhagavathi-tem

ക്ഷേത്രത്തിനുപിന്നിലെ കഥകളിങ്ങനെ

ഇവിടുത്തെ സ്ഥലങ്ങളായ തക്കലയിലെ ഇരണിയൽ മുതലായ ദേശങ്ങളിൽ കുട്ടികൾക്ക് കട്ടയടി എന്നൊരു കളിയുണ്ട്. നാടൻ പന്തുകളി പോലെ. പക്ഷെ,​ പന്തിനുപകരം പനന്തേങ്ങയാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ കുട്ടികൾ കളിക്കുന്നതിനിടയിൽ ഈ പനന്തേങ്ങ ക്ഷേത്രത്തിലെ ചിതൽപ്പുറ്റിൽക്കൊണ്ടു. പുറ്റിന്റെ ഒരു ഭാഗം അടർന്നുവീണു. പൊട്ടിയ ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് വന്നു. സംഗതി നാട്ടിലറിഞ്ഞ് ഗ്രാമവാസികൾ സ്ഥലത്തെത്തുകയും അവിടെ നിന്ന ഒരാൾക്ക് (ഇന്നത്തെ കുരുക്കൾ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക്) അമ്മന്റെ ആവേശമുണ്ടായി എന്നും പറയപ്പെടുന്നു. തുടർന്നയാൾ ഈ പുറ്റ് പരാശക്തിയുടെ സന്നിധിയാണെന്നും മുറിവിൽ ചന്ദനം അരച്ച് ചാർത്തിയാൽ രക്തം നിൽക്കുമെന്നും പറഞ്ഞു.

കൂടാതെ പുറ്റിനെ ആരാധിക്കുന്നവർക്ക് സർവ്വാഭിഷ്ടസിദ്ധി ലഭിക്കുമെന്നും. പിന്നീട് നാട്ടുകാർ ചേർന്ന് അതിനെ സംരക്ഷിച്ചു. എന്നാൽ,​ കാലാന്തരത്തിൽ സമുദ്രതീരവാസികളായ ചിലർ ഇത് കെട്ടുകഥയാണെന്ന് ധരിച്ച് ഈ ക്ഷേത്രം കെട്ടിയുണ്ടാക്കിയ മേൽക്കൂരയും വേലിയും ചു‌റ്റു‌മതിലും പൊളിച്ച് പുറ്റെടുക്കാൻ ശ്രമം നടത്തി. ഈ സമയത്ത് കടലിൽ പോയ ചിലരുടെ വലയിൽ കടൽപാമ്പുകൾ കയറി. മറ്റ് ചിലരുടെ തോണികൾ നടുക്കടലിൽ മുങ്ങി. അങ്ങനെ ഭഗവതി തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തി എന്നാണ് വിശ്വാസം. തുടർന്നങ്ങോട്ട് കടലിൽ പോകുമ്പോൾ കിട്ടുന്ന മത്സ്യത്തിന്റെ ആദ്യ പങ്ക് ഭഗവതിക്കായി മാറ്റിവച്ചു. ഭഗവതിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.

മണ്ടഅപ്പം,​ മുത്തപ്പം ഇവയാണ് ഇവിടുത്തെ വഴിപാടുകൾ. സന്താനഭാഗ്യത്തിനായി തൊട്ടിലും സമർപ്പിക്കാറുണ്ട്. കന്യാകുമാരി ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിലൂടെ തക്കല എത്തണം. ഇവിടുന്ന് പടിഞ്ഞാറോട്ട് കുളച്ചാൽ വഴി 8 കി.മീ പോയാൽ മണ്ടയ്ക്കാട്ട് ഭഗവതി അമ്മൻ ക്ഷേത്രത്തിലെത്തും.