jyothimani-

തിരുച്ചിറപ്പള്ളി : കുഴൽക്കിണറിൽ രണ്ടുവയസുകാരൻ വീണു എന്നറിഞ്ഞപ്പോഴേ തമിഴകത്തിന്റെ നെഞ്ചൊന്നു പിടഞ്ഞു, രക്ഷാപ്രവർത്തനത്തിന്റെ തുടർവാർത്തകളിലൂടെയാണ് രാജ്യത്തിന്റെ ശ്രദ്ധയും പ്രാർത്ഥനയും തിരുച്ചിറപ്പള്ളിയിലെ രണ്ടുവയസുകാരൻ സുജിത്തിലേക്കെത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ ഓരോ നിമിഷങ്ങളും പ്രാർത്ഥനയോടെ സുജിത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യമിപ്പോൾ. രണ്ടു വയസുകാരൻ കുഴൽകിണറിൽ അകപ്പെട്ടിട്ട് മണിക്കൂർ നൂറിനടുത്തായി. രാപ്പകൽ നീളുന്ന രക്ഷാപ്രവർത്തനത്തെ ആശ്വാസമായി നയിക്കുന്നത് കുട്ടിക്ക് ഇപ്പോഴും ജീവന്റെ തുടിപ്പുണ്ടെന്ന കണ്ടെത്തൽ മാത്രമാണ്.


തമിഴകത്തെ രക്ഷാപ്രവർത്തന വാർത്തകളിൽ മുഖം പതിയുന്നത് ജോതിമണിയെന്ന കാരൂർ എം.പിയിലാണ്. രക്ഷാപ്രവർത്തകർക്ക് കരുത്തും, വീട്ടുകാർക്ക് താങ്ങുമായി രാപ്പകൽ ജോതിമണി ഇവിടെയുണ്ട്. വെറും നിലത്തിരുന്ന് വീട്ടുകാരെ ആശ്വസിപ്പിക്കുന്ന എം.പിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.