കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന വിജയമാണ് തിരുവനന്തപുരം മേയർ കൂടിയായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് നേടിയെടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിൽ നടപ്പിലാക്കിയ വികസനത്തിന്റെ വിജയം കൂടിയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും കോർപ്പറേഷനെ മാലിന്യവിമുക്തമാക്കുന്നതിന് സ്വീകരിച്ച പദ്ധതികൾ തനിക്ക് ഒരുപാട് സ്വീക്യാരത നേടിത്തന്നിട്ടുണ്ടെന്നും വി.കെ.പ്രശാന്ത് പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സംബന്ധിച്ച് സംശയമുണ്ടെന്നും സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് വി.കെ പ്രശാന്ത് പറയുന്നു. കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് വി.കെ പ്രശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്.
വി.കെ പ്രശാന്തിന്റെ വാക്കുകൾ
'മലിനീകരണ നിയന്ത്രണ ബോർഡ് പിഴയിട്ടതല്ല, ഒരു കാരണം കാണിക്കൽ നോട്ടീസാണ് അന്ന് നൽകിയത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരം നഗരത്തിൽ ഒരു കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കണം. അവിടേക്ക് മാലിന്യം കൊണ്ടുപോയി സംസ്‌കരിക്കണം. ഇത് ചെയ്യണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. പക്ഷേ, തിരുവനന്തപുരം നഗരത്തെ സംബന്ധിച്ച് അത് പ്രായോഗികമല്ല, ഇതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ നേരിട്ട് 35 ഏക്കർ സ്ഥലം പെരിങ്ങമലയിലെ വനഭൂമിയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവിടെയാണ് ഇപ്പറഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം ചേർന്ന് സമരം നടത്തി അതിനെ പൂട്ടിച്ചു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇത് പ്രായോഗികമാകുക'.
'തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇങ്ങനെ ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയമുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. മലനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാൻ തിരഞ്ഞെടുപ്പ് അടുപ്പിച്ച് അങ്ങനെ ഒരു നോട്ടീസ് നൽകിയതിന് പിന്നിലെ കാരണങ്ങൾ സർക്കാർ അന്വേഷിക്കേണ്ടതുണ്ട്. ഇതിന് പിന്നിൽ മുൻകാലവൈരാഗ്യമുണ്ടെന്ന സംശയവുമുണ്ട്'- വി.കെ പ്രശാന്ത് പറഞ്ഞു.