red-173

''എന്താണ് അങ്ങനെ ചോദിച്ചത്?" ബലഭദ്രൻ, സി.ഐ അലിയാരെ സൂക്ഷിച്ചു നോക്കി.

അലിയാർ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.

''കോവിലകത്തു നടന്ന സംഭവങ്ങളെക്കുറിച്ച് അറിയാമല്ലോ... അവിടെ പ്രേതബാധയുണ്ടെന്നാണ് പലരുടെയും വിശ്വാസം. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥനായ എനിക്കതു വിശ്വസിക്കുവാൻ കഴിയില്ലല്ലോ... അവിടെ നടക്കുന്ന ഓരോന്നിനും പിന്നിൽ മനുഷ്യന്റെ കരങ്ങളാണെന്ന് ഞാൻ കരുതുന്നു. അടഞ്ഞ കോവിലകത്തുനിന്ന് ആളുകൾ പെട്ടെന്ന് അപ്രത്യക്ഷരാകുകയും ആരും കാണാതെ തിരികെ പ്രവേശിക്കുകയും ചെയ്യണമെങ്കിൽ രഹസ്യവാതിലുകൾ ഉണ്ടാകും എന്നു ഞാൻ കരുതി."

''ഉണ്ട്." ബലഭദ്രൻ തമ്പുരാൻ വീണ്ടും പറഞ്ഞു.

''ഞാൻ ഒരിക്കലും ആ വഴി പുറത്തു പോയിട്ടില്ല. കാരണം ഉപയോഗിക്കാത്ത പാതയായതിനാൽ അതിനുള്ളിൽ പാമ്പുകളും മറ്റും ഏറെയുണ്ടാവും."

''അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം തമ്പുരാൻ. എവിടെയാണ് ആ രഹസ്യവാതിൽ എന്നു മാത്രം പറഞ്ഞാൽ മതി."

അലിയാർക്കു തിടുക്കമായി.

ബലഭദ്രൻ ശബ്ദം താഴ്‌ത്തി:

''നിലവറയിൽ എവിടെയോ ആണ് അതിന്റെ സ്ഥാനം. ഞങ്ങടെ മുത്തച്ഛന്മാർ പലരെയും അടക്കം ചെയ്തിട്ടുള്ളതും അവിടെയാണ്. ഒരുപക്ഷേ അവർ രഹസ്യമായി ആരെയെങ്കിലും വധിച്ചിട്ടുണ്ടെങ്കിൽ അവരെയും അവിടെത്തന്നെയാകും അടക്കിയിരിക്കുക. അതേകാരണം കൊണ്ട് കുട്ടികൾക്കാർക്കും അവിടേക്ക് പ്രവേശനമില്ലായിരുന്നു."

ബലഭദ്രൻ ഒന്നു നിർത്തി.

സുമംഗല ഇരുവർക്കും ചായ കൊണ്ടുവന്നു കൊടുത്തു. കപ്പുയർത്തി ഒരിറക്ക് അകത്താക്കിയിട്ട്
അയാൾ തുടർന്നു:

''പ്രായമായിക്കഴിയുമ്പോൾ ഒരുപാട് തിരക്കുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ പിന്നീട് ഞങ്ങളാരും അങ്ങനെയൊരു പരീക്ഷണത്തിനു മുതിർന്നിട്ടുമില്ല."

അലിയാരും ചായ കുടിച്ചുകൊണ്ടിരുന്നു.

ബലഭദ്രൻ തന്നെ വീണ്ടും പറഞ്ഞു:

''ഇനി രസകരമായ മറ്റൊരു വസ്തുതയുണ്ട്. വേറെയും രഹസ്യവാതിലുണ്ട് കോവിലകത്ത്. അതുപക്ഷേ എനിക്കറിയില്ല."

''അതെന്താ?" അലിയാർ ജിജ്ഞാസുവായി.

''അത് പാരമ്പര്യമായി തുടർന്നു വരുന്ന ഒരു രീതിയാ. കോവിലകത്തെ ആദ്യത്തെ സന്താനത്തിന് മാത്രം ആ വാതിലിനെക്കുറിച്ച് അച്ഛൻ തമ്പുരാൻ പറഞ്ഞുകൊടുക്കും. മൂത്ത പുത്രനാണ് കോവിലകം എന്നതുകൊണ്ടുതന്നെ. ഒരടിയന്തിരഘട്ടം ഉണ്ടായാൽ രക്ഷപ്പെടാൻ വേണ്ടിയാണത്."

അലിയാർ ഒരു നിമിഷം ചിന്തിച്ചിരുന്നു.

സുരേഷ് കിടാവിന്റെ മക്കളെ കാണാതായപ്പോൾ കോവിലകത്തിനു ചുറ്റുമുള്ള പറമ്പു മുഴുവൻ തങ്ങൾ അരിച്ചുപെറുക്കിയതാണെന്ന് അയാൾ ഓർത്തു.

അവിടെയെങ്ങും ഒരു രഹസ്യവാതിലിന്റെ അടയാളം പോലും കണ്ടിട്ടില്ല...

ഏതായാലും ഈ കിട്ടിയ വിവരങ്ങൾ തന്നെ ഏറെ പ്രധാനപ്പെട്ടതാണ്.

ഒരുപക്ഷേ രാമഭദ്രൻ തമ്പുരാൻ ഏക മകളായ കാരണത്താൽ പാഞ്ചാലിയോടും മറ്റാർക്കും പറഞ്ഞു കൊടുത്തിട്ടില്ലാത്ത വാതിലിനെക്കുറിച്ചു സൂചിപ്പിച്ചിരിക്കും.

അല്പനേരം കൂടി ബലഭദ്രനോട് സംസാരിച്ചിരുന്ന ശേഷം അലിയാർ യാത്ര പറഞ്ഞു.

അടുത്ത ദിവസം

കോടതി, പരുന്ത് റഷീദിനെയും കൂട്ടരെയും അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

''പരുന്തേ..."

രഹസ്യമുറിയിൽ വച്ച് അലിയാർ അയാളുടെ തലമുടിയിലൂടെ വിരൽ കടത്തി ഒന്നു മുറുക്കി.

''ഹാ..."

തലമുടി പിഴുതുപോകുന്ന വേദനയിൽ പരുന്ത് റഷീദ് പുളഞ്ഞു.

''തുടങ്ങാൻ പോകുന്നേതേയുള്ളു. പരുന്തേ.... ഇനി എന്നിൽനിന്ന് ദയയുടെ ഒരു കണികപോലും പ്രതീക്ഷിക്കരുത്. കഴിഞ്ഞ കാലങ്ങളിൽ രഹസ്യമായി നടത്തിയ കൊലപാതകങ്ങൾ മുഴുവൻ തെളിഞ്ഞുകൊണ്ടിരിക്കുന്ന സമയമാ ഇത്. അതിനാൽ ഇനിയും എന്നോട് പറഞ്ഞിട്ടില്ലാത്തതൊക്കെ പറഞ്ഞോണം. അല്ലെങ്കിൽ ഒരു മനുഷ്യായുസ്സു മുഴുവൻ അനുഭവിച്ചാലും തീരാത്ത വേദനകളും പീഡനങ്ങളും നിനക്ക് അനുഭവിക്കേണ്ടിവരും."

അലിയാർ പിടിവിട്ടു.

പേടിയോടെ പരുന്ത് അയാളെ നോക്കി.

അലിയാർ ഒരു കസേര നീക്കിയിട്ട് പരുന്തിന് അഭിമുഖമായി ഇരുന്നു.

''എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്. അതിനുള്ള മറുപടി നിന്റെ പക്കലുമുണ്ട്. നീ എം.എൽ.എ കിടാവിനൊപ്പം ചേർന്നശേഷം എന്തൊക്കെ ചെയ്തു? ഒക്കെ അറിയണം എനിക്ക്."

പരുന്ത് തലയാട്ടി.

''തീർന്നില്ല. കുറേക്കാലം ചന്ദ്രകലയുടെയും പ്രജീഷിന്റെയും കാവൽപ്പട്ടികൾ ആയിരുന്നല്ലോ നീയും അണലി അക്‌ബറും? അപ്പോൾ നടന്നതും അറിയണം."

താൻ മിണ്ടാതിരുന്നാൽ സി.ഐ അലിയാർ തന്നെ ചതച്ചു പിഴിയുമെന്ന് പരുന്തിനു മനസ്സിലായി. പോരെങ്കിൽ ഇയാളെ കൊല്ലാൻ രണ്ടുതവണ ശ്രമിച്ചതിന്റെ പകയുമുണ്ട്.

എല്ലാം പറയുവാൻ അയാൾ തയ്യാറായി. അപ്പോൾ കടന്നുവന്ന എസ്.ഐ സുകേശ് ഒരു വീഡിയോ ക്യാമറ ഓൺ ചെയ്തു.

(തുടരും)