katie-

വാഷിംഗ്ടൺ: ലൈംഗികാരോപണത്തെ തുടർന്ന് യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിലെ വനിതാ അംഗം രാജിവച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി കാത്തി ഹിൽ (32) ആണ് ഞായറാഴ്ച വൈകിട്ട് രാജിവച്ചത്. കാത്തി ഹില്ലിന് ഒാഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജി. ഒാഫീസ് സ്റ്റാഫുമായി അനുചിതബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാത്തി ഹിൽ രാജി നൽകിയത്. രാജ്യത്തിനും സമൂഹത്തിനും പ്രതിനിധി മണ്ഡലത്തിലും തന്റെ രാജി ഗുണം ചെയ്യുമെന്ന് കാത്തി ഹിൽ ട്വീറ്റ് ചെയ്തു. കാത്തി ഹില്ലും ഒാഫീസ് സ്റ്റാഫും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 2018 നവംബറിലാണ് കാത്തി ഹിൽ, റിപ്പബ്ലിക്കൻ സ്റ്റീവ് നൈറ്റിനെ പരാജയപ്പെടുത്തി യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1987 ഓഗസ്റ്റ് 25 ന് ടെക്സസിലെ ഏബിലിനിൽ ജനിച്ച ഹിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണു ബിരുദം നേടിയത്. ഭവന രഹിതരായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പാത്തിന്റെ (PATH) എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ട്രംപിന്റെ ഇംപീച്ച്മെന്റുമായി മുന്നോട്ടുപോകുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് സ്വന്തം അംഗത്തിന്റെ രാജി കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയിലെ ഉദിച്ചുയരുന്ന ഒരു നക്ഷത്രമായിരുന്നു ഹിൽ എന്നാണ് പ്രമീള ജയ്പാൽ അഭിപ്രായപ്പെട്ടത്.