ബാഗ്ദാദ്: ഐസിസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളെത്തിയതായി റിപ്പോർട്ട്. ഇറാഖ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള ഖർദേഷിനെയാണ് ബാഗ്ദാദിയുടെ പിൻഗാമിയായി ഐസിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സദ്ദാം ഹുസൈന്റെ ഭരണ കാലയളവിലാണ് ഇയാൾ ഇറാഖി സേനയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഹജ്ജ് അബ്ദുള്ള അൽ അഫാറി എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. അതേസമയം, ബഗ്ദാദി കൊല്ലപ്പെട്ടതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോടെ ഐസിസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഐസിസിന്റെ മതകാര്യ വിഭാഗത്തിന്റെ ചുമതല ബഗ്ദാദി കഴിഞ്ഞ ഓഗസ്റ്റിൽ ഖർദേഷിന് നൽകിയിരുന്നതായും സൂചനയുണ്ട്. അസുഖത്തെത്തുടർന്ന് ബഗ്ദാദി പിൻവലിഞ്ഞിരുന്ന സമയത്ത് തന്ത്രങ്ങൾ മെനഞ്ഞ ബുദ്ധികേന്ദ്രമാണ് ഖർദേഷ് എന്നാണ് സൂചനകൾ.
ബാഗ്ദാദിയെ പുകച്ച് പുറത്തുചാടിച്ച് ഓപ്പറേഷൻ കായ്ല മുള്ളർ ...
വാഷിംഗ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വകവരുത്തിയ സൈനിക ഓപ്പറേഷൻ തത്സമയം ‘സിനിമ പോലെ’ കണ്ടെന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയിലെ സൈനിക നടപടിക്കൊടുവിൽ, ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നു ലോകത്തോടു വെളിപ്പെടുത്തുമ്പോഴാണു താൻ അതിന്റെ തത്സമയ ദൃശ്യങ്ങളും വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്നു കണ്ടതായി ട്രംപ് വ്യക്തമാക്കിയത്. ട്രംപ് സിറ്റുവേഷൻ റൂമിലിരിക്കുന്ന ചിത്രങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. മാത്രമല്ല, ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടം തകർത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ബഗ്ദാദിയെ വധിക്കാൻ യു.എസിന് സഹായമായത് അടുത്ത സഹായിയിൽനിന്നു ലഭിച്ച നിർണായക വിവരങ്ങളാണെന്നാണ് റിപ്പോർട്ട്. ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായിൽ അൽ എതാവിയിൽനിന്ന് ഇറാഖി ഇന്റലിജൻസ് സംഘമാണു ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങൾ ചോർത്തിയെടുത്തത്. വർഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടൽ രീതികളടക്കം ഇന്റലിജൻസിന് ഇങ്ങനെ ലഭിച്ചു.
2 മണിക്കൂർ നീണ്ട ഓപ്പറേഷൻ.
8 ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും
ഗ്രൗണ്ട് സപ്പോർട്ടിന് കരസേന
സെപ്തംബർ: സിറിയയിലെ ബാഗ്ദാദിയുടെ ഒളിത്താവളം യു.എസ് സൈന്യത്തിന്റെ നിരീക്ഷണത്തിൽ
ഒക്ടോബർ രണ്ടാംവാരം: ബാഗ്ദാദിയുടെ താവളം കൃത്യമായി കണ്ടെത്തി
1. ഒക്ടോബർ 26: ട്രംപ് വിർജീനിയയിൽ ഗോൾഫ് കളിക്കുന്നു
2. വൈകിട്ട് 4.30ന് വൈറ്റ് ഹൗസിൽ നിന്ന് സന്ദേശം, കളി നിറുത്തി ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചു.
3. അഞ്ചു മണിയോടെ വൈറ്റ് ഹൗസിലെ അതീവപ്രാധാന്യമുള്ള ‘ഓപ്പറേഷൻ റൂം’ ആയ സിറ്റുവേഷൻ റൂമിലേക്ക്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ, ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രീൻ, ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഒപ്പം
4. യു.എസ് സേനയിലെ ഡെൽറ്റ ടീം സൈനികർ ബാരിഷ ഗ്രാമത്തിനു മുകളിൽ ഹെലികോപ്ടറുകളിൽ, യുദ്ധവിമാനങ്ങളുടെ അകമ്പടിയിൽ എത്തി
5. കെട്ടിടത്തിലേക്കു മിസൈൽ വർഷിച്ചു. പിന്നാലെ, സൈനികർ താഴേക്കിറങ്ങി. പരിശീലനം നേടിയ നായ്ക്കളുടെ സഹായത്തോടെ സൈനികരുടെ മുന്നേറ്റം.
6. 9656 കി.മീ അകലെയിരുന്ന് ട്രംപും സംഘവും ദൃശ്യങ്ങൾ വീക്ഷിക്കുന്നു
7. യു.എസ് സേന താവളം വളഞ്ഞതോടെ, കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാൻ ബാഗ്ദാദിയുടെ ശ്രമം
8. യു.എസ് സൈന്യത്തിന്റെ നായ്ക്കൾ പിന്നാലെ
9. രക്ഷപ്പെടാനാവില്ലെന്ന് കണ്ടതോടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു
കായ്ല മുള്ളർ
ബാഗ്ദാദിയെ (48) വകവരുത്തിയ ഓപ്പറേഷനു യു.എസ് നൽകിയ ഓമനപ്പേരാണ് ‘കായ്‌ല മുള്ളർ’. ഐസിസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യു.എസ് പൗരയായ മനുഷ്യാവകാശ പ്രവർത്തകയുടെ സ്മരണയിലാണു സൈനിക നടപടിക്ക് ഈ പേര് നൽകിയതെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രീൻ പറഞ്ഞു. ലോകത്തെ വിറപ്പിച്ച ഐസിസ് തലവനെ വേട്ടയാടി കൊലപ്പെടുത്താൻ ഇതിലും മികച്ച പേര് കണ്ടെത്തുക പ്രയാസം. 26 വയസുള്ളപ്പോഴാണ് തുർക്കി അതിർത്തിയിലെ സിറിയൻ അഭയാർത്ഥികൾക്കിടയിൽ പ്രവർത്തിക്കാനെത്തിയ കായ്ലയെ 2013 ആഗസ്റ്റിൽ ആലെപ്പോയിൽവച്ച് ഐസിസ് ഭീകരർ ബന്ദിയാക്കിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട വേളയിൽ അഭയാർത്ഥികളെ സഹായിക്കാനായാണ് കായ്‌ല എത്തിയത്. ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി കായ്ല സംഘടന രൂപീകരിച്ചു. എന്നാൽ, കായ്‌ലയെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ബാഗ്ദാദി ഉൾപ്പെടെയുള്ള ഐസിസ് നേതാക്കളുടെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും കായ്‌ല വിധേയയായെന്നാണു റിപ്പോർട്ടുകൾ. 2015 ഫെബ്രുവരിയിലാണ് റാഖയിൽ ജോർദ്ദാന്റെ വ്യോമാക്രമണത്തിൽ കായ്ല കൊല്ലപ്പെട്ടുവെന്ന് കാണിച്ച് ഐസിസ് തകർന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
അമേരിക്കൻ സൈന്യത്തിന്റെ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോടീമാണ് ഡെൽറ്റ ഫോഴ്സ്.
ഭീകരവിരുദ്ധ നടപടികളിൽ വൈദഗ്ദ്ധ്യമുള്ളവരാണു ഇത്.