ലണ്ടൻ: ബ്രക്സിറ്റ് നടപ്പിലാക്കാൻ 2020 ജനുവരി 31 വരെ യൂറോപ്യൻ യൂണിയൻ ബ്രിട്ടന് സമയം നീട്ടി നൽകി. തീരുമാനം ഔദ്യോഗികമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് രാവിലെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'ഫ്ലെക്സിബിൾ എക്സ്റ്റെൻഷൻ" എന്ന് അർത്ഥമുള്ള 'ഫ്ലെക്സ്റ്റെൻഷൻ" എന്ന വാക്കാണ് സമയം നീട്ടി നൽകിയതിനെ വിശേഷിപ്പിക്കാൻ ടസ്ക് ഉപയോഗിച്ചത്. നീട്ടിനൽകിയ സമയത്തിനു മുമ്പ് പുതിയ ഉടമ്പടിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതി ലഭിച്ചാൽ അവർക്ക് പിന്മാറാമെന്നാണ് ഇതിന്റെ അർത്ഥം. ബ്രിട്ടീഷ് പാർലമെന്റിന്റെ അഭ്യർത്ഥന മാനിച്ചും ബ്രക്സിറ്റിനെച്ചൊല്ലിയുള്ള ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വം കണക്കിലെടുത്തുമാണ് തീയതി മൂന്നാമതൊരിക്കൽ കൂടി നീട്ടി നൽകാൻ തീരുമാനമായത്.
മുൻ നിശ്ചയപ്രകാരം ഒക്ടോബർ 31ന് തന്നെ ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച തീരുമാനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൈക്കൊണ്ടതെങ്കിലും പാർലമെന്റിലെ ഭൂരിഭാഗം എം.പിമാരും ഇതിനെ എതിർത്തിരുന്നു. ബ്രക്സിറ്റ് ഉടമ്പടിക്ക് അനുമതി നൽകുന്നതിന് പകരം കൂടുതൽ സമയം ആവശ്യപ്പെടുന്ന ഭേദഗതി നിർദ്ദേശമാണ് പാർലമെന്റ് പാസാക്കിയത്. ഇത് കണക്കിലെടുത്താണ് യൂറോപ്യൻ കൗൺസിലിന്റെ പുതിയ തീരുമാനം. നിലവിലെ പാർലമെന്റിൽ ബ്രക്സിറ്റ് നടപടികൾക്ക് അനുമതി ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്താൻ ജോൺസൺ പാർലമെന്റിൽ അനുമതിനേടാൻ ഇരിക്കെയാണ് പുതിയ പ്രഖ്യാപനം. ഇതോടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമുണ്ടായാൽ പുതിയ സർക്കാരിന് സാവകാശത്തിൽ ബ്രക്സിറ്റിന്റെ തുടർ നടപടികളുമായി മുന്നോട്ടു പോകാം. തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള സർക്കാരിനും തുടർ നടപടികൾക്ക് സാവകാശം ലഭ്യമാകും.