european-union-

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി 28 യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ (പ്രതിനിധി സംഘം) ഇന്ന് കാശ്മീർ സന്ദർശിക്കും. അംഗങ്ങൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കാശ്മീരിന്റെ പ്രത്യേക പദവി നിറുത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ വാഷിംഗ്ടണിൽ നടന്ന യു.എസ് കോൺഗ്രസ് യോഗത്തിൽ ഒരു കൂട്ടം ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. സന്ദർശനം അനൗദ്യോഗികമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കാശ്മീരിലേക്കുള്ള യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം പ്രദേശത്തിന്റെ വികസന - ഭരണ മുൻഗണനകളെക്കുറിച്ചു വ്യക്തമായ വീക്ഷണം നൽകുന്നതിന് പുറമെ ജമ്മു കാശ്മീർ, ലഡാക്ക് മേഖലയിലെ സാംസ്കാരികവും മതപരവുമായ വൈവിദ്ധ്യത്തെക്കുറിച്ച് മനസിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള അനവധി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചതിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ സർക്കാരിനോട് ആശങ്ക ഉന്നയിച്ചിരുന്നെന്ന് യു.എസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെൽസ് യോഗത്തിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും ഇന്ത്യയോട് അഭ്യർത്ഥിച്ചതായും അവർ പറഞ്ഞു. ജമ്മു കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യു.എസ് നേരത്തേ സമ്മതിച്ചിരുന്നു. കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഇന്ത്യ, രാജ്യാന്തര സമൂഹത്തിന് ഉറപ്പും നൽകിയിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. ഇതിന് ശേഷം കാശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ.

''ജനങ്ങളോടും പ്രാദേശിക മാദ്ധ്യമങ്ങളോടും ഡോക്ടർമാരോടും സംസാരിക്കാൻ പ്രതിനിധിസംഘത്തിന് അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ലോകം കാശ്മീരിനു മേലെയുള്ള ഇരുമ്പ് തിരശീല ഉയർത്തുമെന്നാണ് പ്രതീക്ഷ."- മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ