ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാൻ വീണ്ടും വ്യോമപാത നിഷേധിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനായി സൗദി അറേബ്യയിലേക്ക് പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാൻ നിരസിച്ചതിനെ തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്. വി.വി.ഐ.പിമാരുടെ പ്രത്യേക വിമാനങ്ങൾക്കുള്ള വ്യോമപാത അനുമതി വീണ്ടും പാക് സർക്കാർ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസംകൂടാതെ നൽകി വരുന്നതാണെന്നും സർക്കാർ പ്രതിനിധി ഫറഞ്ഞു.
യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളിൽ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു. ജമ്മുകാശ്മീരിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. സെപ്തംബറിൽ യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി യു.എസിലേക്ക് പോകാനും പാകിസ്ഥാൻ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. സെപ്തംബറിൽത്തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി.