jaguar

ന്യൂഡൽഹി: കാൽ നീട്ടി വയ്ക്കാൻ വേണ്ടത്ര സൗകര്യമില്ലെന്ന് കണ്ട് അരക്കോടി വിലമതിക്കുന്ന ആഡംബര കാർ വിൽപ്പനയ്ക്ക് ഉപേക്ഷിച്ച് ലോക്സഭാ മുൻ സ്‌പീക്കർ സുമിത്ര മഹാജൻ. വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. സ്പീക്കറായിരുന്ന കാലത്താണ് യാത്രയിൽ സുമിത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായും ഔദ്യോഗിക ആവശ്യങ്ങൾക്കായും ഇത്രയും വിലയുള്ള കാർ ലോക്സഭാ സെക്രട്ടേറിയറ്റ് വാങ്ങി നൽകുന്നത്. 48.25 ലക്ഷം രൂപ വിലവരുന്ന ജാഗ്വാർ എക്സ്.ഇ എന്ന ഈ കാർ 2016ലാണ് പാർലമെന്റ് സെക്രട്ടേറിയറ്റ് സുമിത്രയ്ക്ക് നൽകുന്നത്. സുമിത്ര മഹാജൻ സ്പീക്കർ ആയിരുന്ന 2014-19 ഏതാനും യാത്രകൾ മാത്രമേ അവർ ഈ കാറിൽ നടത്തിയിട്ടുള്ളൂ.

പിന്നീട് കാറിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോൾ കാൽ നീട്ടിവയ്ക്കാൻ വേണ്ടത്ര സൗകര്യമില്ലെന്ന് കാട്ടിയാണ് സുമിത്ര മഹാജൻ ഈ കാർ ഉപേക്ഷിക്കുന്നത്. അന്ന് തൊട്ട് ഈ കാർ പാർലമെന്റ് ഗറാജിൽ പൊടിപിടിച്ച് കിടക്കുകയാണ്. എന്നാൽ സ്വന്തമായി കാറോടിക്കുന്നവർക്ക് കാർ സൗകര്യപ്രദമാണെന്നും സുമിത്ര പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 18 വർഷത്തിനിടെ അഞ്ച് വാഹനങ്ങളാണ് ലോക്സഭാ സ്പീക്കർമാർക്കായി വാങ്ങിയിട്ടുള്ളത്. സുമിത്രയുടെ ജാഗ്വാർ കാർ, 36.74 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാമ്രി ഹൈബ്രിഡ്, 21 ലക്ഷം രൂപയുടെ ടൊയോട്ട കാമ്രി, 14.7 ലക്ഷത്തിന്റെ ഹോണ്ട അക്കോർഡ്, 3.91 ലക്ഷത്തിന്റെ അംബാസിഡർ കാർ എന്നിവയാണിവ. നിലവിലെ ലോക്സഭാ സ്പീക്കർ ഓം ബിർള ഉപയോഗിക്കുന്നത് ടൊയോട്ട കാമ്രി ഹൈബ്രിഡാണ്.