jammu

ശ്രീനഗർ: ജമ്മുകാശ്മീരിലെ സോപോറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 15 നാട്ടുകാർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കു നേരെയാണ് ആക്രമണമുണ്ടായത്. യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘം കാശ്മീർ സന്ദർശിക്കാനിരിക്കെയാണ് സംഭവം. ശ്രീനഗറിലെ കരൺനഗറിൽ രണ്ട് ദിവസം മുമ്പ് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ആറ് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല, ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തുടർച്ചയായ ആക്രമണങ്ങളുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഈ മാസം ആദ്യവും തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.