വാളയാർ സംഭവത്തിൽ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. നിയമസഭയിൽ വരെ പ്രതിഷേധജ്വാല പടർന്നികുന്നു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാരും പൊലീസും അറിയിച്ചിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ പൊലീസിനും സർക്കാരിനും എതിരെ വൻവിമർശനമാണ് ഉയരുന്നത്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഷിംന അസീസിന്റെ കുറിപ്പ്:
ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെൺകുട്ടികളുടെ സമ്മതം... !!
സമ്മതം കൊടുക്കാൻ അവരെന്തറിഞ്ഞിട്ടാണ്? പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ 'ഉഭയകക്ഷിസമ്മതം' എന്ന വിചിത്രനയം വരുന്നത്?
എന്നിട്ട് ആത്മഹത്യയെന്ന് പേരിൽ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേർത്ത് ഈ കൊടുംക്രൂരത ചെയ്‌തവൻമാർക്ക് രക്ഷയും.
നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴൽ പോലും ആ കുഞ്ഞിമക്കളുടെ മേൽ വീണില്ലെന്ന് പറയണം.
ആ കുഞ്ഞുങ്ങൾക്ക് നഷ്‌ടം, നൊന്തു പെറ്റവൾക്ക് വറ്റാത്ത കണ്ണീർ. അവരിൽ പ്രതീക്ഷ നിറച്ചവർക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെൺമക്കൾ.
നശിച്ച ലോകം.