മലപ്പുറം: പാലക്കാട് മേലേ മഞ്ചിക്കട്ടിക്ക് സമീപത്തുള്ള ഉൾവനത്തിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. തണ്ടർ ബോൾട്ടുമായിയുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. വാളയാർ സംഭവം മറച്ചു വയ്ക്കാനായി സർക്കാർ കളിച്ച നാടകമാണോ മേലേ മഞ്ചിക്കട്ടിയിലെ മാവോയിസ്റ്റ് വേട്ടയെന്ന് സംശയിക്കുന്നതായി വികെ ശ്രീകണ്ഠൻ പറഞ്ഞു. കുറച്ചുകാലമായി അട്ടപ്പാടിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും എം.പി പറഞ്ഞു.
നാട്ടുകാർ പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ് തണ്ടർ ബോൾട്ട് കാട്ടിൽ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ മേലേ മഞ്ചിക്കട്ടിക്ക് സമീപമുള്ള ഉൾവനത്തിൽ ഇന്ന് രാവിലെയാണ് തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. തണ്ടർ ബോൾട്ട് അസി. കമാൻണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതിനെ തുടർന്നാണ് ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം.