borewell-

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കാൻ 12 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് ദൗത്യസംഘം. അപകടം നടന്നിട്ട് മൂന്നു ദിവസം പിന്നിട്ടു. കുട്ടി സുരക്ഷിതനാണെന്നും, കുഴൽക്കിണറിലേക്ക് ഇറക്കിയ കാമറ വഴി നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് റിലീഫ് കമ്മിഷണർ ഡോ. രാധാകൃഷ്ണൻ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിനടുത്തുള്ള പുരയിടത്തിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറ്റിൽ അകപ്പെട്ടത്. 600 മുതൽ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറിൽ, നൂറ് അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ് കുട്ടി.

കുഴൽക്കിണറിന് സമാന്തരമായി തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. എന്നാൽ പാറ നിറഞ്ഞ പ്രദേശമായതിനാൽ നിർമ്മാണം സുഗമമല്ല. ഇനിയും 40 അടിയോളം കുഴിക്കാനുണ്ടെന്നും കുട്ടി കൂടുതൽ ആഴത്തിലേക്ക് വീണുപോകാതിരിക്കാൻ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. അതേസമയം,​ 2017-ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിയെ രക്ഷിച്ചതിന്റെ വീഡിയോ തിരുച്ചിറപ്പള്ളിയിലേതെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.