പത്തനംതിട്ട: വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്‌തു. കോന്നി തണ്ണിത്തോട് കുന്നത്തുവീട്ടിൽ മത്തായി ഡാനിയേലാണ് (74) മരിച്ചത്. വാറ്ര് നിയമത്തിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടയടപ്പ് സമരം നടത്താനിരിക്കെയാണ് സംഭവം.
തണ്ണിത്തോട് കുന്നത്ത് സ്റ്റോഴ്സിന്റെ ഉടമയാണ് മത്തായി. മലഞ്ചരക്ക് സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന തണ്ണിത്തോട്ടിലെ ഗോഡൗണിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. സഹായിയായ മകൻ ജോമച്ചനെത്തിയപ്പോഴാണ് കുടുക്കിട്ട കയറിൽ പിടയുന്ന ഡാനിയേലിനെ കണ്ടത്. ഉടൻ കയർ അറുത്ത് താഴെയിറക്കി തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
കഴിഞ്ഞ ബുധനാഴ്‌ച നോട്ടീസ് ലഭിച്ചതു മുതൽ ഡാനിയേൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുവർഷത്തെ കണക്ക് കാണിക്കണമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നാളെ രാവിലെ 11ന്.
ഭാര്യ : ശോശാമ്മ മത്തായി. മക്കൾ : ജോമച്ചൻ, ജോജോ, ജൂലി. വാറ്റ് നിയമം പിൻവലിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും സമരം ശക്തമാക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.