കോതമംഗലം: ചെറിയപള്ളി സംരക്ഷിക്കുന്നതിന് യാക്കോബായ വിഭാഗക്കാരായ ആയിരങ്ങളുടെ വിശ്വാസമതിൽ. കോടതി വിധിയുടെ പശ്ചാത്തലത്തിൽ കുർബാന അർപ്പിക്കുന്നതിന് എത്തിയ ഓർത്തോഡോക്സ് വിഭാഗം പള്ളിയിൽ കയറാനാവാതെ മടങ്ങി.
ഞായറാഴ്ച രാത്രി മുതൽ പള്ളിയിലേക്ക് എത്തിയ വിശ്വാസികൾ മൂന്ന് പ്രധാന കവാടങ്ങളും അടച്ച് പിന്നിൽ നിലയുറപ്പിച്ചു. പൂർവികർ ഉണ്ടാക്കിയ പള്ളിയും തങ്ങളുടെ വിശ്വാസങ്ങളും ആരുടെയും മുന്നിൽ അടിയറവ് വയ്ക്കില്ലെന്ന് അവർ വിളിച്ച് പറഞ്ഞു. രാവിലെ പത്തുമണിയോടെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ എത്തിയ ഓർത്തോഡോക്സ് വിഭാഗം വൈദികരുംഅമ്പതോളം വിശ്വാസികളും പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. കണ്ടനാട് ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ് എന്നിവരും എത്തിയിരുന്നു. വൈദികർക്ക് സുരക്ഷയൊരുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും പ്രശ്നത്തിൽ ഇടപെടാനാവില്ലെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഓർത്തോഡോക്സ് വിഭാഗം പിൻവാങ്ങുകയായിരുന്നു. ഇതോടെ പള്ളിയിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിശ്വാസികൾ ആഹ്ളാദ പ്രകടനം നടത്തി. പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ ആഹ്വാനപ്രകാരം കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു.യാക്കോബായ വിശ്വാസികളോട് അനുഭാവം പ്രകടിപ്പിച്ച് ബസ് ഓണേഴ്സ് അസോസിയേഷൻ സർവീസ് നിറുത്തിവച്ചു. ഇതോടെ കോതമംഗലത്ത് ഹർത്താൽ പ്രതീതിയായിരുന്നു.