my-home-

ഭൂമിയുടെ വില ദിനംപ്രതി ലക്ഷങ്ങൾ വർദ്ധിക്കുമ്പോൾ സാധാരണക്കാർക്ക് വീട് വയ്ക്കാൻ സ്ഥലം വാങ്ങാൻ കിട്ടാത്ത അവസ്ഥയാണ്. പ്രധാനമായും നഗരപ്രദേശങ്ങളിലാണ് ഈയൊരു അവസ്ഥയുള്ളത്. കൈയിലുള്ളതെല്ലാം സ്വരുക്കൂട്ടി ഒന്നോരണ്ടോ സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള തത്രപ്പാടിലാണ് സാധാരണക്കാർ.


എന്നാൽ ഒരുസെന്റിലും രണ്ട് സെന്റിലുമൊക്കെ വീട് പണിയാൻ കഴിയുമോ എന്ന സംശയമാണ് ഇക്കാര്യത്തിൽ ഇവർക്കുണ്ട്. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഈ ആശങ്കയ്ക്ക് പിന്നിലുണ്ട്.. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾ, കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ എന്നിവയനുസരിച്ച് ഒരു സെന്റ് സ്ഥലത്തു പോലും വീട് വയ്ക്കാം. എന്നുമാത്രമല്ല, വശങ്ങളിൽ ഒഴിച്ചിടേണ്ട സ്ഥലത്തിന്റെ അളവിലും മറ്റും ചെറിയ സ്ഥലത്ത് വീട് വയ്ക്കുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്

3.08 സെന്റ് അഥവാ 125 സ്ക്വയർ മീറ്ററിൽ താഴെ വലുപ്പമുള്ള സ്ഥലത്ത് വീട് പണിയുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്ന് സെന്റിൽ കുറഞ്ഞ സ്ഥലത്ത് വീട് പണിയുമ്പോൾ മുൻഭാഗത്ത് രണ്ട് മീറ്റർ ഒഴിച്ചിട്ടാൽ മതിയാകും.വീടിന്റെ പാർശ്വഭാഗങ്ങളിൽ ഒരു ഭാഗത്ത് 90 സെന്റീമീറ്ററും മറുഭാഗത്ത് 60 സെന്റീമീറ്ററും ഒഴിച്ചിട്ടാൽ മതിയാകും. 90 സെന്റീമീറ്റർ ഒഴിച്ചിട്ട ഭാഗത്ത് വാതിലോ ജനലോ നിർമിക്കുന്നതിന് തടസമില്ല.

60 സെന്റീമീറ്റർ ഒഴിച്ചിട്ട ഭാഗത്ത് വാതിലും ജനലും നൽകാൻ പാടില്ല. എന്നാൽ, തറനിരപ്പിൽ നിന്ന് 2.20 മീറ്ററിന് മുകളിൽ വെന്റിലേഷൻ നൽകാം. അയൽവാസിയുടെ രേഖാമൂലമുള്ള സമ്മതം ഉണ്ടെങ്കിൽ ഒരു ഭാഗത്ത് 90 സെന്റീമീറ്റർ ഒഴിച്ചിട്ട്, മറുഭാഗത്ത് അതിരിനോട് ചേർത്തുതന്നെ വീട് നിർമിക്കാനാകും.

പിൻഭാഗത്ത് ശരാശരി ഒരു മീറ്റർ സ്ഥലം മാത്രം ഒഴിച്ചിട്ടാൽ മതിയാകും. നേർരേഖയിലല്ലാത്ത പ്ലോട്ടുകളിൽ ഏതെങ്കിലും ഭാഗത്ത് വീടും അതിരും തമ്മിൽ 50 സെന്റീമീറ്റർ അകലം ഉണ്ടാകണം എന്നുമാത്രം.

മൂന്ന് സെന്റിൽ താഴെ സ്ഥലത്ത് വീട് പണിയുമ്പോൾ സ്ഥലവും കെട്ടിടവും തമ്മിലുള്ള അനുപാതം, വഴിയുടെ മധ്യത്തിൽ നിന്നുള്ള അകലം, കാർ പാർക്കിങ്, സ്റ്റെയർകെയ്സിന്റെ വീതിയും പടികളുടെ എണ്ണവും തുടങ്ങിയ കാര്യങ്ങളിലെ നിബന്ധനകൾ ബാധകമായിരിക്കില്ല.

മൂന്ന് സെന്റിൽ കൂടിയ സ്ഥലത്ത് വീട് പണിയുമ്പോൾ മുൻഭാഗത്ത് മൂന്ന് മീറ്ററാണ് ഒഴിച്ചിടേണ്ടത്. പിൻഭാഗത്ത് രണ്ട് മീറ്ററും വശങ്ങളിൽ 1.3 മീറ്റർ, ഒരു മീറ്റർ വീതവും ഒഴിച്ചിടണം.