national-anthem

ബെംഗളൂരു: ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിന് സിനിമാ തിയേറ്ററിൽ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം. ബെംഗളൂരു മല്ലേശ്വരം ഓറിയോണ്‍ മാളിലെ പി.വി.ആർ തിയേറ്ററിലാണ് സംഭവം. സിനിമ തുടങ്ങുന്നതിനെ മുന്നെ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിനെ തുടർന്നാണ് വാക്കുതർക്കം ഉണ്ടായത്. ധനുഷിന്റെ പുതിയ ചിത്രം അസുരനാണ് അവിടെ പ്രദർശിപ്പിച്ചിരുന്നത്.

സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇവർക്കെതിരെ രംഗത്തെത്തിയത്. നടി ബി.വി ഐശ്വര്യയുടേയും നടൻ അരു ഗൗഡയുടേയും നേതൃത്തിലുള്ളവരാണ് തിയേറ്ററിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ‘ഈ രാജ്യത്തെ പൗരന്മാർ എന്ന് സ്വയം പറയുന്നവർ ദേശീയ ഗാനം വയ്ക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നില്ല, എന്നാൽ ഇവിടുത്തെ ശരിയായ പൗരന്മാർ ഈ ഇന്ത്യാവിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചു’- ഐശ്വര്യ വീഡിയോ ഷെയർ ചെയ്ത് ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ പാകിസ്ഥാൻ തീവ്രവാദികളാണോ? എന്ന് ആക്രോഷിച്ച് കൊണ്ടാണ് കുടുംബത്തിനെതിരെ ഇവർ ആഞ്ഞടുത്തത്.

മാത്രമല്ല ഇന്ത്യൻ ആർമിയെക്കുറിച്ച് കുടുംബം മോശമായി സംസാരിച്ചെന്നും സ്‌ക്രീനിൽ ദേശീയ പതാക കാണിക്കുമ്പോൾ കുടുംബത്തിലെ ഒരാൾ സീറ്റിലിരുന്നു മൊബൈലിൽ കളിക്കുകയായിരുന്നെന്നും നടൻ അരു ഗൗഡ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തിയേറ്ററിൽ സിനിമ കാണാനെത്തിയ നൂറോളം പേർ തങ്ങൾക്കൊപ്പം ചേർന്നതായും ഇന്ത്യൻ ആർമിയെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അരു ഗൗഡ പറഞ്ഞു.

സംഭവത്തിൽ പരാതിയൊന്നും ലഭിച്ചില്ലെന്നും പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമല്ല എന്നും ആരേയെങ്കിലും എഴുന്നേറ്റ് നിൽക്കാൻ നിർബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത താരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉയരുന്നുണ്ട്.