തിരുവനന്തപുരം: ആനയറ- വെൺപാലവട്ടം റോഡ് കിടിലനാക്കി വികസിപ്പിക്കാനുള്ള പദ്ധതി വേഗത്തിലാക്കും. പതിനാറു മീറ്ററിൽ വികസിപ്പിക്കുന്ന റോഡ് ദേശീയ പാതയുടെ നിലവാരത്തിലുള്ളതാക്കാനാണ് പദ്ധതി. ഇതിനായി 64 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പദ്ധതി വേഗത്തിലാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം സിറ്റി കൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
കിഴക്കേകോട്ടയിൽ നിന്ന് കോവളത്തേക്കുള്ള പ്രധാന റോഡ് ഉടനേ ടാർ ചെയ്തു യാത്രായോഗ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ കേരളകൗമുദിയെ അറിയിച്ചു. വാർത്തയിൽ ചൂണ്ടിക്കാണിച്ച പൂജപ്പുര റോഡ്, ജഗതി റോഡ്, തിരുവല്ലം- കരുമം റോഡ്, ശ്രീവരാഹം റോഡ് എന്നിവിടങ്ങളിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായി കിടക്കുന്നതിന്റെ നേർ ചിത്രമാണ് സിറ്റി കൗമുദിയിലൂടെ അവതരിപ്പിച്ചിരുന്നത്. മിക്കവാറും റോഡുകളിലൂടെ യാത്ര ചെയ്താൽ വണ്ടിയിലിരുന്ന് ചാടിച്ചാടി നടുവൊടിയും. റോഡ് നികുതി കൊടുത്ത് വാഹനം ഓടിക്കുന്നവരാണ് ഇങ്ങനെ നരകയാത്ര നടത്തുന്നതെന്ന ചിന്ത ലവലേശം സർക്കാരിന് ഇല്ലെന്നും വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു.