തിരുവനന്തപുരം :നിന്നുതിരിയാൻ ഇടമില്ലാത്ത നഗരസഭാവളപ്പിൽ കാറുകൾക്ക് പോയിട്ട് ബൈക്കുകൾക്ക് പോലും പാർക്ക് ചെയ്യാനിടമില്ല. ജനനം മുതൽ മരണം വരെയുള്ള വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്നവർ വണ്ടിയൊതുക്കുന്നത് കോർപറേഷന് മുന്നിലും മ്യൂസിയം മതിലിനോട് ചേർന്നുള്ള റോഡരികിലുമൊക്കെയാണ്. അതോടെ പേരൂർക്കടയിലും ശാസ്തമംഗലത്തും നെടുമങ്ങാടുനിന്നുമൊക്കെ നഗരത്തിലെത്തുന്ന നാട്ടുകാരുടെ പ്രശ്നമായി അത് മാറും. കാറിലും ഇരുചക്രവാഹനങ്ങളിലും എത്തുന്നവർ നെട്ടോട്ടമോടുന്നത് തലസ്ഥാന നഗരസഭയിലെ സ്ഥിരം കാഴ്ചയാണ്.
ക്രിസ്മസിന് മുന്നോടിയായി ഈ ദുരിതത്തിന് പരിഹാരമാകും. നഗരസഭാ വളപ്പിൽ 5.64 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം അടുത്തമാസം ആദ്യവാരം കമ്മിഷൻ ചെയ്യും. തുടർന്ന് കെ.എസ്.ഇ.ബി, ഫയർഫോഴ്സ് എന്നിവയുടെ അനുമതി കൂടി ലഭ്യമായാൽ പ്രവർത്തനസജ്ജമാകും. ഇതോടെ നഗരസഭയിലെത്തുന്ന കാറുകൾ പൂർണമായി മൾട്ടിലെവൽ പാർക്കിംഗ് സംവിധാനത്തിലേക്ക് മാറും. തുടർന്ന് നഗരസഭാ വളപ്പിൽ ഇരുചക്രവാഹനങ്ങൾക്കു വിശാലമായി പാർക്ക് ചെയ്യാം. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെ പതിവായി മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിലാകും. 104 കാറുകൾ പാർക്കുചെയ്യാനുള്ള സൗകര്യമാണ് നഗരസഭയിൽ ഒരുങ്ങുന്നത്.
നഗരസഭയ്ക്ക് പിന്നാലെ നഗരമദ്ധ്യത്തിലെ പാർക്കിംഗ് പ്രശ്നത്തിനും മൾട്ടിലെവൽ പാർക്കിംഗ് സംവിധാനത്തിലൂടെ പരിഹാരം കാണും. പുത്തരിക്കണ്ടം മൈതാനത്തിന് പിറകിലാണ് വിശാലമായ പാർക്കിംഗ് കേന്ദ്രം ഒരുക്കുന്നത് ഇതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
216കാർ, 240 ബൈക്ക്, 45 ആട്ടോറിക്ഷ എന്നിവ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും. മാർച്ചോടെ പുത്തരിക്കണ്ടത്തെ പാർക്കിംഗ് കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നു നൽകും. 11.74 കോടിരൂപയാണ് പാർക്കിംഗ് സംവിധാനത്തിന്റെ നിർമാണ ചെലവ്. നഗരത്തിൽ കൂടുതൽ പേർ എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൂന്നാംഘട്ടത്തിൽ അമൃത് പദ്ധതിയുടെ ഭാഗമായി പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നത്. 252 കാറുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന ബഹുനില പാർക്കിംഗ് സംവിധാനത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കും. കോയമ്പത്തൂരിലെ സീഗർ സ്പിൻ ടെക്ക് എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണം പൂത്തിയാക്കുന്നത്. കമ്പനിക്ക് തന്നെയാണ് 10 വർഷത്തെ പരിപാലന ചുമതലയും.
നഗരവികസനത്തിന്റെ അമൃത്
നഗരപ്രദേശങ്ങളുടെ ആധുനികവത്കരണത്തിന് കേന്ദ്രം സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണ് അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ എന്ന 'അമൃത്". പദ്ധതി ചെലവിന്റെ 50ശതമാനം കേന്ദ്രം നൽകുമ്പോൾ 30ശതമാനം സംസ്ഥാനവും 20ശതമാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. അമൃത് ഫണ്ട് ചെലവഴിക്കുന്നതിൽ തലസ്ഥാന നഗരം ഏറെ മുന്നിലാണ്.
നഗരസഭയിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉടൻ തുറക്കും. സമയബന്ധിതമായി നിർമ്മാണം പുരോഗമിക്കുകയാണ്. മറ്റിടങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം ഉടൻ തുടങ്ങും. - വഞ്ചിയൂർ പി. ബാബു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ