തിരുവനന്തപുരം: നിയമസഭയിലേക്കുള്ള വാതിൽ തനിക്കു മുന്നിൽ ഒരിക്കൽ തുറക്കുമെന്നു തന്നെയാണ് വി.കെ. പ്രശാന്ത് പ്രതീക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തിന്റെ മേയറായതിനു ശേഷം മന്ത്രിമാരെ കാണുന്നതിനു വേണ്ടി പലവട്ടം നിയമസഭയിൽ എത്തിയിട്ടുണ്ട്. അപ്പോഴൊക്കെ സമ്മേളനം നടക്കുന്ന ഹാളിന്റെ വാതിൽ അടഞ്ഞു കിടക്കുന്നതു കണ്ടിട്ടുമുണ്ട്. ആ വാതിൽ ഇന്നലെ രാവിലെ പത്തിന് പ്രശാന്തിനായി തുറന്നു. ഉറച്ച ചുവടുകളുമായി മുന്നോട്ട്. ആകെ സത്യപ്രതിജ്ഞ ചെയ്തത് അഞ്ചു പേർ. അതിൽ മൂന്നാമനായി എത്തിയ പ്രശാന്തിനു ലഭിച്ച കരഘോഷത്തിന് ശബ്ദം കൂടുതലായിരുന്നു.
പ്രശാന്ത് നീല ഷർട്ടും മുണ്ടും ധരിച്ച് സ്വതസിദ്ധമായ ചിരിയോടെ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. നേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തേക്ക്. വട്ടിയൂർക്കാവ് വെട്ടിപ്പിടിച്ച് അഭിമാനം കാത്ത ധീരന് മുഖ്യമന്ത്രി ഏറെ സന്തോഷത്തോടെ എണീറ്റ് ഹസ്തദാനം നൽകി. പിന്നെ മൈക്കിനു മുന്നിലേക്ക്.
'' വി.കെ. പ്രശാന്തായ ഞാൻ നിയമസഭയിലെ ഒരു അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിനാൽ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് ഞാൻ നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിറുത്തുമെന്നും ഏറ്റെടുക്കാൻ പോകുന്ന കർത്തവ്യം ഞാൻ വിശ്വസ്തതയോടു കൂടി നിർവഹിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു"".
വി.കെ. പ്രശാന്ത് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വി.ഐ.പി ഗാലറിയിലിരുന്ന് വീക്ഷിക്കുന്ന ഭാര്യ എം.ആർ. രാജി, മകൾ ആലിയ .ആർ.പി, അച്ഛൻ എസ്.കൃഷ്ണൻ, അമ്മ ടി.വസന്ത എന്നിവർ
മലയാളികളുടെ 'മേയർ ബ്രോ, എം.എൽ.എ ബ്രോ" ആയ നിമിഷം. ഒപ്പു ചാർത്തിയ ശേഷം പടി കയറി സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇരിപ്പിടത്തിനടുത്തേക്ക്. രണ്ടു കൈയും കൊടുത്ത് സ്വീകരിച്ച സ്പീക്കർ ഒരു നിമിഷം പ്രശാന്തിനെ ചേർത്തു നിറുത്തി. അവിടെ നിന്നിറങ്ങി മറ്റ് മന്ത്രിമാരുടെ സമീപത്ത് എത്തി. എല്ലാവരും കൈ കൊടുത്ത് സ്വീകരിച്ചു. പിന്നെ പ്രതിപക്ഷ നിരയിലേക്ക്, അവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പ്രശാന്തിനെ സ്വാഗതം ചെയ്തു. പിന്നെ ഭരണപക്ഷ നിരയിലെ രണ്ടാം നിരയിലിരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമീപത്തു പോയി ഏതാനും മിനിട്ട് സംസാരിച്ച ശേഷം പിൻനിരയിലെ ഇരിപ്പിടത്തിലേക്ക് പോയി. എ.എൻ. ഷംസീർ, വീണാ ജോർജ്, എം. സ്വരാജ് ഉൾപ്പെടെയുള്ളവർ പ്രശാന്തിന്റെ അരികിലേക്ക് എത്തി സന്തോഷം പങ്കിട്ടു.
ഈ അഭിമാന നിമിഷം കാണാൻ വി.ഐ.പി ലോഞ്ചിൽ അമ്മ വസന്ത, അച്ഛൻ കൃഷ്ണൻ, ഭാര്യ രാജി, മകൾ ആലിയ, സഹോദരി പ്രവീണ തുടങ്ങിയവരും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ കാട്ടായിക്കോണം വി. ശ്രീധർ സ്മാരകത്തിൽ എത്തി വി.കെ. പ്രശാന്ത് അവിടെ പുഷ്പാർച്ചന നടത്തിയിരുന്നു. അവിടെ നിന്നു നേരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലെത്തി. മന്ത്രിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ശേഷം മന്ത്രിക്കൊപ്പമാണ് കാറിൽ നിയമസഭയിലെത്തിയത്.