തിരുവനന്തപുരം:അടച്ചുറപ്പില്ലാത്ത ഷെഡിനു കീഴിൽ കഴിഞ്ഞുപോന്ന ദിനരാത്രങ്ങളെ പേട്ട ഭഗത്സിംഗ് റോഡ് കാക്കോട് ലെയിനിൽ കാട്ടുവിളാകത്ത് ചന്ദ്രികയ്ക്കും കുടുംബത്തിനും ഇനി മറക്കാം.ഇന്ന് മുതൽ ഈ കുടുംബം ഉറങ്ങുക പുതിയ വീട്ടിലാണ്. ബി.ജെ.പി പേട്ട ഏരിയാ കമ്മിറ്റിയും ഭഗത്സിംഗ് റോഡ് ആറ്റുകാൽ പൊങ്കാല സമിതിയും ചേർന്ന് ചന്ദ്രികയുടെ കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് വൈകിട്ട് 5ന് സുരേഷ് ഗോപി എം.പി നിർവഹിക്കും.തുടർന്ന് പഞ്ചമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പേട്ട മോഹനൻ അദ്ധ്യക്ഷത വഹിക്കും.
കീറിത്തുടങ്ങിയ ടാർപോളിൻ ഷീറ്റും ഫ്ലക്സ് ബോർഡുകളുംകൊണ്ട് മറച്ച ഷെഡിലായിരുന്നു ചന്ദ്രിക,സഹോദരി ബേബി, ബേബിയുടെ ഭർത്താവ് മോഹനൻ,ഇവരുടെ മാനസീകാസ്വാസ്ഥ്യമുള്ള മകൾ എന്നിവർ താമസിച്ചിരുന്നത്.ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത ഈ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് കഴിഞ്ഞ ആറ്റുകാൽ പൊങ്കാല സമയത്താണ് ആകെയുള്ള ഒന്നര സെന്റ് സ്ഥലത്ത് പുതിയ വീട് നിർമ്മിച്ച് നൽകാൻ ഏരിയ കമ്മിറ്റി തീരുമാനിച്ചത്.സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തിയും സഹായിക്കാൻ മനസുള്ളവർ സിമന്റായും കല്ലായുമൊക്കെ നൽകിയ സഹായം കൊണ്ടുമാണ് വീട് പൂർത്തിയാക്കിയത്.ഏകദേശം 6 ലക്ഷത്തോളം രൂപ ചെലവിട്ടാണ് നിർമ്മിച്ചത്.
ഗൃഹപ്രവേശന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്,മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരൻ,പേട്ട ഏരിയാ പ്രസിഡന്റ് ബിജു മൂലയിൽ,ഏരിയാ വൈസ് പ്രസിഡന്റ് വി.ബാബു തുടങ്ങിയവർ സംസാരിക്കും.ജനറൽ സെക്രട്ടറി മിത്രൻ സ്വാഗതവും മേഖലാ പ്രസിഡന്റ് രാജേന്ദ്രൻ നന്ദിയും പറയും.