പോത്തൻകോട്: കഴക്കൂട്ടം കൃഷിഭവന്റെ കീഴിലുള്ള ആമ്പല്ലൂർ ഏലായിലെ കൊയ്ത്തുത്സവം നാടിനും നാട്ടാർക്കും ഹരമായി. ഏറെക്കാലം തരിശിട്ട ആമ്പല്ലൂർ പാടശേഖരത്തെ 5 ഹെക്ടറിൽ ആദ്യമായി ഒന്നാംവിള നെൽകൃഷിക്ക് തുടക്കമിട്ടത് 2015 ജൂണിലാണ്. റെക്കാഡ് വിളവ് കൊയ്ത ആ കൃഷിക്ക് ശേഷം മൂന്നാമതായി ജൂണിൽ നടത്തിയ ഒന്നാം വിള കൃഷി 12 ഹെക്ടറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ പത്ത് കർഷകരാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 30 പേരായി. കഴിഞ്ഞ തവണ ലഭിച്ച മികച്ച വിളവാണ് കൂടുതൽ കർഷകരെ കൃഷിയിലേക്ക് അടുപ്പിച്ചത്.
ഒരേക്കർ നെൽവയൽ നികത്താനായി നിറയെ മാഞ്ചിയം നട്ടിരുന്ന ഒരു കർഷകൻ മരങ്ങൾ മുഴുവൻ മുറിച്ചുനീക്കിയാണ് ഇപ്രാവശ്യം കൃഷിക്ക് തയ്യാറായത്. റെക്കാഡ് വിളവാണ് ഇപ്രാവശ്യവും ലഭിച്ചത്.
സംസ്ഥാനത്ത് ശരാശരി ഹെക്ടറിന് നാല് ടൺ വിളവ് ലഭിക്കുമ്പോൾ കഴിഞ്ഞ തവണ ലഭിച്ചത് 7 ടണ്ണാണ്.
ഇവിടെ ഭൂമാഫിയ സംഘങ്ങളുടെ ശക്തമായ എതിർപ്പ് കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നിരുന്നു. ഇതിനെ മറികടക്കാൻ പാടശേഖര സംരക്ഷണ സമിതിക്ക് സ്ഥലത്തെ കർഷകരും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് ആമ്പലൂർ പാടശേഖര സമിതി പ്രസിഡന്റ് സലാഹുദീന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഫ്രാക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ, മുൻ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഡി. രമേശൻ, ആമ്പലൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ മജീദ്, കാർഷിക വികസന സമിതി അംഗങ്ങളായ ഇബ്രാഹിം കുഞ്ഞ്, നവാസ്, പ്രഭുല്ലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ റീജ എസ്. ധരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രകാശ് നന്ദിയും പറഞ്ഞു.