കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ദുൽഖർ ചിത്രം കുറുപ്പിൽ ചാക്കോയായി ടൊവിനോ തോമസ് എത്തുന്നു. മുപ്പത്തിയഞ്ച് വർഷം മുൻപാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ചാക്കോയുടെ ശവശരീരം ആസൂത്രീതമായി ചുട്ടുകരിക്കുകയായിരുന്നു. താനാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് മുപ്പതു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു സുകുമാരക്കുറുപ്പിന്റെ ശ്രമം.
ദുൽഖർ നായകനായി അരങ്ങേറിയ സെക്കൻഡ് ഷോയിലൂടെ തുടക്കമിട്ട സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പിൽ ദുൽഖറും ടൊവിനോയും ഒപ്പം ഇന്ദ്രജിത്ത്, സണ്ണിവയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും വേഷമിടുന്നുണ്ട്. പ്രമുഖ മോഡലും നർത്തകിയുമായ ശോഭിത ധൂലിപാലയാണ് നായിക.
പാലക്കാടും പരിസരങ്ങളിലുമായി ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ കുറുപ്പിന്റെ സെക്കൻഡ് ഷെഡ്യൂൾ ജനുവരിയിൽ തുടങ്ങും. മുംബയും അഹമ്മദാബാദുമാണ് പ്രധാന ലൊക്കേഷനുകൾ. എം. സ്റ്റാർ പ്രൊഡക്ഷൻസുമായി ചേർന്ന് വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന കുറുപ്പിന്റെ രചന നിർവഹിക്കുന്നത് കെ.എസ്. അരവിന്ദും ഡാനിയേൽ സായൂജ് നായരും ചേർന്നാണ്.
എ.ബി.സി.ഡിയിലാണ് ദുൽഖറും ടൊവിനോയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ വില്ലൻ വേഷമാണ് ടൊവിനോയ്ക്ക് ബ്രേക്കായത്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2403ft, ബേസിൻ ജോസഫിന്റെ മിന്നൽ മുരളി എന്നിവയാണ് ടൊവിനോയുടെ മറ്റ് പുതിയ ചിത്രങ്ങൾ. അഖിൽ പോളും അനസ്്ഖാനും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്.
ചെന്നൈയിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ച് വരുന്ന ദുൽഖർ നവംബർ 9 മുതൽ കുറുപ്പിന്റെ രണ്ടാംഘട്ട ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. കുറുപ്പ് പൂർത്തിയാക്കിയ ശേഷം പ്രശസ്ത നൃത്തസംവിധായിക ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ദുൽഖർ അഭിനയിക്കുക.മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെയും ജോയ് മാത്യുവിന്റെയും ചിത്രങ്ങളിലാണ് ദുൽഖർ തുടർന്ന് അഭിനയിക്കുന്നത്.