സി.ഐ അലിയാർ ചോദ്യം തുടങ്ങി.
''കുറച്ചു പഴയതിൽ നിന്നു തുടങ്ങാം പരുന്തേ... പാഞ്ചാലിയുടെ അച്ഛൻ രാമഭദ്രൻ തമ്പുരാൻ എങ്ങനെയാണു മരിച്ചത്?"
പരുന്ത്, സുകേശിന്റെ കയ്യിൽ ഇരിക്കുന്ന ക്യാമറയിലേക്ക് ഒന്നു നോക്കി. പിന്നെ ചുണ്ടനക്കി.
'കൊന്നതാ... താമരശ്ശേരി ചുരത്തിൽ വച്ച്. ഒരു ആക്സിഡന്റ് സൃഷ്ടിക്കുകയായിരുന്നു."
''ആരായിരുന്നു അതിനു പിന്നിൽ?"
''പ്രധാനമായും കിടാവ് സാറ്. അദ്ദേഹത്തിന് കോവിലകം സ്വന്തമാക്കണമെന്ന സ്വപ്നമുണ്ടായിരുന്നു. പിന്നെ ചന്ദ്രകല മേഡത്തിനും അക്കാര്യത്തിൽ മനസ്സറിവുണ്ട്."
അലിയാർ അമർത്തി മൂളി.
''ഞാൻ ഇത് പ്രതീക്ഷിച്ചതാ... പിന്നെ രാമഭദ്രന്റെ ഭാര്യ വസുന്ധര മരിച്ചതോ?"
''അത് ചന്ദ്രകല മേഡവും പ്രജീഷ് സാറും കൂടി ഉണ്ടാക്കിയ കുരുക്കാ."
''ഈ മേഡവും സാറും ഒന്നും വേണ്ടാ. ചന്ദ്രകലയും പ്രജീഷും. അങ്ങനെ പറഞ്ഞാൽ മതി നീയ്. മനസ്സിലായോ?"
എസ്.ഐ സുകേശാണ് കൽപ്പിച്ചത്.
പരുന്ത് തലയാട്ടി.
തുടർന്ന് അലിയാരുടെ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായ മറുപടി നൽകി പരുന്ത്.
അല്പനേരത്തേക്കു ഞെട്ടിത്തരിച്ചിരുന്നുപോയി അലിയാരും സുകേശും.
എം.എൽ.എ ശ്രീനിവാസ കിടാവിന്റെ അക്കൗണ്ടിൽ മാത്രം രണ്ട് ഡസനോളം കൊലപാതകങ്ങൾ... !
ഇനി ചന്ദ്രകലയെയും പ്രജീഷിനെയും കുറിച്ചു പറയെടാ."
അലിയാർ ഒരു സിഗററ്റിനു തീ പിടിപ്പിച്ചു.
''ഒരു സീരിയൽ നടിയുണ്ടായിരുന്നല്ലോ സൂസൻ. അവരെ കൊന്നത് ചന്ദ്രകലയോ പ്രജീഷോ ആണ്. ഞാനും അണലിയും കൂടിയാണ് മൃതദേഹം ഊട്ടിക്കു പോകുന്ന വഴിയിൽ കൊണ്ടിട്ടത്. കാർ അപകടമെന്നു വരുത്തിത്തീർത്തുകൊണ്ട്."
അലിയാർ അമ്പരന്നു.
ഇതുവരെ അതൊരു ആക്സിഡന്റ് എന്നുതന്നെയാണ് എല്ലാവരും കരുതിയിരുന്നത്.
''എന്തിനാടാ സൂസനെ കൊന്നത്?"
സുകേശ് തിരക്കി.
''അതറിയത്തില്ല സാറേ... ഒരുപക്ഷേ റേപ്പുചെയ്യപ്പെട്ടായിരിക്കും അവരു ചത്തത്."
സൂസൻ അതീവ സുന്ദരിയായിരുന്നുവെന്ന് സുകേശ് ഓർത്തു. ഒരുവട്ടം അവരെ താൻ നേരിൽ കണ്ടിട്ടുമുണ്ട്.
ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു.
അതിനിടെ മറ്റൊരു സത്യം കൂടി പരുന്തിന്റെ നാവിൽ നിന്നു പുറത്തു വന്നു.
എം.എൽ.എ ശ്രീനിവാസ കിടാവ് ചന്ദ്രകലയ്ക്കു കോവിലകം വിൽപ്പനയുടെ അഡ്വാൻസ് നൽകിയ തുക തീർത്തും വ്യാജനാണ്.
കള്ളനോട്ട്!
കിടാവിനെപ്പോലെ ഒരാൾ ഇനിയും സ്വതന്ത്രനായി നടന്നാൽ അത് ഈ രാജ്യത്തിന് എല്ലാത്തരത്തിലും അപകടമാണെന്ന് അലിയാർ അറിഞ്ഞു.
പക്ഷേ, അയാൾ ഒരു എം.എൽ.എയാണ്. അയാളെ അറസ്റ്റു ചെയ്യണമെങ്കിൽ സ്പീക്കറുടെയും തന്റെ മേലധികാരികളുടെയും അനുമതി വേണം.
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കേസാണിത്.
കാര്യങ്ങൾ മീഡിയകൾക്കു മുൻപിൽ പ്രസന്റു ചെയ്യുന്നതിനു മുൻപ് രഹസ്യമായി കോടതിയെ ധരിപ്പിക്കുന്നതാണ് ഉചിതമെന്ന് അലിയാർ അനുമാനിച്ചു. അവിടെനിന്നു മാത്രമേ നീതി ലഭിക്കൂ...
സുകേശിന്റെ കയ്യിൽ നിന്ന് ടേപ്പു ചെയ്ത, പരുന്തിന്റെ മൊഴിയടങ്ങിയ സി.ഡി അലിയാർ വാങ്ങി.
അടുത്ത ദിവസം, വടക്കേ കോവിലകം
നിലവറയിലെ രഹസ്യമാർഗം പരിശോധിക്കുവാൻ വേണ്ട തയ്യാറെടുപ്പുകളുമായി സി.ഐ അലിയാരും സംഘവുമെത്തി. ഫയർഫോഴ്സ് ജീവനക്കാരും. ഓക്സിജൻ മാസ്ക് ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു...
കോവിലകം തുറന്ന് ആ സംഘം നിലവറ വാതിൽക്കൽ എത്തി.
അത് വളരെ പ്രയാസപ്പെട്ടു തുറന്നു.
അകത്തുനിന്ന് ദുഷിച്ച വായുവിന്റെ ഗന്ധം പുറത്തേക്കു വന്നു.
മാസ്കും ഗ്ളൗസുകളും ഹെഡ് ലൈറ്റും മറ്റുമായി അലിയാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അടക്കം അകത്തേക്കിറങ്ങി.
താഴേക്ക് ആറു പടിക്കെട്ടുകൾ ഉണ്ടായിരുന്നു.
അടുത്തനിമിഷം നരിച്ചീറുകൾ ചിറകടിച്ചു പാഞ്ഞുവന്നു.
ചുഴലിക്കാറ്റിൽ കരിയിലകൾ പറന്നുയരുന്നതുപോലെ നിലവറ വാതിൽ വഴി അവ പുറത്തേക്കു പാഞ്ഞു.
നിലവറയാകെ ചിലന്തിവലകൾ...
ആ ക്ഷണം തന്നെ അലിയാർ ഒന്നറിഞ്ഞു. ഈ വഴിയല്ല ആരും കോവിലകത്തിനുള്ളിലേക്ക് വരുന്നത്.
എങ്കിലും ഇവിടം പരിശോധിക്കേണ്ടത് അനിവാര്യമാണ് എന്നു തോന്നി.
വെളിച്ചത്തിന്റെ വാളുകൾ കണക്കെ നിലവറയിലെ ഇരുളിൽ ഹെഡ് ലൈറ്റുകളിലെ വെളിച്ചം അങ്ങിങ്ങു പാഞ്ഞു.
ബലഭദ്രൻ പറഞ്ഞത് ശരിയാണെന്ന് അലിയാർക്ക് ഉറപ്പായി.
ഏകദേശം നാല് മുറികളുടെ വലിപ്പമുള്ള ആ നിലവറയിൽ 'മുനിയറ'കൾ പോലെയുള്ള കല്ലറകൾ കണ്ടു... തറയിൽ നിന്നു കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ നിലയിലായിരുന്നു അവയുടെ നിർമ്മാണം.
അലിയാർ കല്ലറകൾ പരിശോധിച്ചു. എന്നാൽ അവയിലൊന്നും ആരുടെയും പേരുകൾ കൊത്തിവച്ചിരുന്നില്ല.
ഇപ്പോൾ അലിയാർക്കു മറ്റൊരു സംശയം....
ഇതിനുള്ളിൽ ശവശരീരങ്ങൾ അടക്കം ചെയ്തതുതന്നെയാണോ?
അതോ ചില ക്ഷേത്രങ്ങളിലേതു പോലെ വിലപിടിപ്പുള്ള ആഭരണങ്ങളോ മറ്റോ...?
(തുടരും)