തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ നൽകാമെന്നേറ്റ കോടികൾ ഇപ്പോഴും കിട്ടാക്കനി. കഴിഞ്ഞ മണ്ഡലകാലത്തു ശബരിമലയിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുകയും നടവരുമാനമുൾപ്പടെ കുറഞ്ഞ് ധനവരുമാനത്തിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് അടിയന്തരസഹായം നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ തുക അനുവദിച്ചത്. കഴിഞ്ഞ മഹാ പ്രളയത്തിൽ നാശനഷ്ടമുണ്ടായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും, ജീവനക്കാരുടെ വരുമാനമടക്കമുള്ള ക്ഷേമകാര്യങ്ങൾക്കുമായി നൂറുകോടി രൂപയാണ് ഇക്കുറി സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാർ കൈയ്യടി നേടിയിരുന്നത്. ഇതിൽ ആദ്യ ഗഡുവായി മുപ്പത് കോടി രൂപയുടെ അടിയന്തര സഹായം നൽകാനായുള്ള ഉത്തരവ് കഴിഞ്ഞ ജൂലായിൽ പുറത്തിറങ്ങിയെങ്കിലും ഇതു വരെ ഒരു രൂപപോലും ബോർഡിന് ലഭിച്ചിട്ടില്ല. രൂപ കൈമാറണമെങ്കിൽ പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന സാങ്കേതിക കാരണത്താലാണ് ഈ തീരുമാനം വൈകുന്നതെന്നാണ് അറിയുന്നത്.
അതേ സമയം നിലവിലുള്ള ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്ത ശേഷം തുക നൽകിയാൽ മതി എന്നും സർക്കാർ തീരുമാനിച്ചതായി സൂചനയുണ്ട്. അടുത്ത മാസം പതിനാലിനാണ് നിലവിലെ ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നത്.