തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയെന്ന് ജയശങ്കർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമർശനം. മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകളും സുഖസുഷുപ്തിയിലാണെന്നും വിപ്ലവം പൊലീസിന്റെ തോക്കിൻ കുഴലിലൂടെയാണെന്നും കുറിച്ചാണ് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. മാവോയിസ്റ്റ് സംഘടനയിൽ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി ദളം പ്രവർത്തകരാണ് ഇവരെന്നു കരുതപ്പെടുന്നു. വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിനൊപ്പം പ്രവർത്തിച്ചയാളും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അട്ടപ്പാടി മേഖലയിൽ സുപരിചിതനായ മണിവാസകൻ ആണ് ഒരാൾ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അട്ടപ്പാടിയ്ക്കടുത്ത് ഉൾക്കാട്ടിൽ പോലീസുമായുളള 'ഏറ്റുമുട്ടലിൽ' മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്.
മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയി.
മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകളും സുഖസുഷുപ്തിയിലാണ്.
#വിപ്ലവം പോലീസിന്റെ തോക്കിൻ കുഴലിലൂടെ.