periya-murder-case-

തിരുവനന്തപുരം : കേരളത്തിൽ ഏറെ കോളിളക്കമുണ്ടായ പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്ന വകയിൽ സർക്കാരിന് ചിലവായത് ഇരുപത്തിയഞ്ച് ലക്ഷം. മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ് സർക്കാരിന് വേണ്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നാകെ ഹാജരാകുന്നത്. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകിയത്.

ഫെബ്രുവരി പതിനേഴിനാണ് കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെയെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കൊലപാതകത്തിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. ഇതിനെ തുടർന്ന് കേസിലെ ഗൂഢാലോചന കണ്ടെത്തണമെന്നും ഇതിനായി കേന്ദ്ര ഏജൻസിക്ക് കേസ് അന്വേഷണ ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് പരിഗണിക്കവേ ക്രൈബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച കോടതി സി.ബി.ഐക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. എന്നാൽ ഇതിനെ എന്തു വില കൊടുത്തും തടയിടാനായിട്ടാണ് പൊതു ഖജനാവിൽ നിന്നും കാൽക്കോടിയോളം ചിലവാക്കി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ കളത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്.

പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം പൊലീസ് മികച്ച രീതിയിൽ പൂർത്തിയാക്കിയതാണെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ അപ്പീലിൽ വാദം കേൾക്കുന്നതിനിടെ, 'നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്' എന്ന് കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കവേ പൊലീസ് കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജി.ഐ പൈപ്പുകൊണ്ട് മർദ്ദിച്ചതാണെങ്കിൽ മരിച്ചവരുടെ ശരീരത്തിൽ രക്തംകണ്ടതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കുറ്റപത്രത്തിൽ സംശയം പ്രകടിപ്പിച്ച കോടതി അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടു.വിശദമായ വാദം കേൾക്കുവാൻ തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി വച്ചു. അതേ സമയം പെരിയ കേസ് സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും എന്നാൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.