ന്യൂഡൽഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സുപ്രീം കോടതിയുടെ 47ാം ചീഫ് ജസ്റ്റിസായി നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബോബ്ഡയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നിയമനം. നവംബർ 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന ബോബ്ഡെ 2021 ഏപ്രിലിലാണ് വിരമിക്കുക.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 1956 ഏപ്രിൽ 24നാണ് ബോബ്‌ഡെ ജനിച്ചത്. നാഗ്പൂർ സർവകലാശാലയിൽ പഠനം. അഡീഷണൽ ജഡ്ജി ആയിട്ടാണ് ബോംബെ ഹൈക്കോടതിയിൽ 2000ലാണ് എത്തിയത്. 2012ൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013ൽ സുപ്രീംകോടതിയിലെത്തി. അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട കേസടക്കം ഒട്ടേറെ സുപ്രധാന കേസുകളിൽ വാദംകേൾക്കുന്ന ബെഞ്ചിൽ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ.