ഹൈദരാബാദ്: അമ്മയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ച മകളും കാമുകനും അറസ്റ്റിൽ. ഹൈദരാബാദിലെ ഹയാത്ത്നഗറിലെ രജിതയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച്, കമിതാക്കൾ അവിടെ താമസിച്ച ശേഷമാണ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.
രജിതയെ കാണാതായി ഒരാഴ്ചയ്ക്ക് ശേഷം ഒക്ടോബർ 25 നാണ് രാമന്നപേട്ട് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഇൻസ്പെക്ടർ സതീഷ് പറഞ്ഞു. മൃതദേഹം രജിതയുടേതാണെന്ന് ഉറപ്പ് വരുത്താനായി പോസ്റ്റ്‌മോർട്ടത്തിന് പുറമേ ഫോറൻസിക് പരിശോധനകളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ കീർത്തി റെഡ്ഡിയേയും, അയൽവാസിയായ കാമുകൻ ശശിയേയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
'ദൂരയാത്ര കഴിഞ്ഞ് ട്രക്ക് ഡ്രൈവറായ രജിതയുടെ ഭർത്താവ് വീട്ടിലേത്തി. മകളോട് ഭാര്യയെ അന്വേഷിച്ചപ്പോൾ, അമ്മയെ കാണാതാകുന്ന സമയത്ത് താൻ വിശാഖപട്ടണത്തായിരുന്നു എന്ന മറുപടിയാണ് നൽകിയത്. തുടർന്ന് മകൾക്കൊപ്പം പോയി അദ്ദേഹം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ കീർത്തി ആ സമയത്ത് വിശാഖ പട്ടണത്തിലൽ പോയില്ലെന്നും ഹൈദരാബാദിൽ തന്നെയുണ്ടായിരുന്നെന്നും മനസിലായി'- പൊലീസ് പറഞ്ഞു.
തുടർന്ന് ചോദ്യം ചെയ്തപ്പോൾ അമ്മയെ അച്ഛൻ മർദ്ദിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കാമെന്നാണ് കീർത്തി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ പ്രണയത്തിന് തടസം നിന്നതിനാൽ താൻ അമ്മയെ കൊല്ലുകയായിരുന്നെന്ന് കീർത്തി തന്നെ സമ്മതിച്ചു.
ശശി കാൽ പിടിച്ച് തന്നു താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നൽകി. മൃതദേഹം മൂന്നുദിവസം വീട്ടിൽ സൂക്ഷിച്ചെന്നും, തുടർന്ന് ദുർഗന്ധം വന്നതോടെ റെയിൽവേ ട്രാക്കിൽ വലിച്ചെറിഞ്ഞുവെന്നും പ്രതികൾ പറഞ്ഞു. ദമ്പതികളുടെ ഏക മകളാണ് കീർത്തി.