koodam-house-

തിരുവനന്തപുരം: കാലടി കൂടത്തിൽ തറവാടിന് നഗരത്തിൽ പലയിടത്തും സ്വത്തുകൾ ഉണ്ടെന്ന് അറിയാമെന്നല്ലാതെ അത് എവിടെയൊക്കെയാണ് എന്നത് നാട്ടുകാർക്ക് ഒരു പിടിയുമില്ല. ഏറെയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ. അതൊക്കെ ആരുടെയൊക്കെ കൈവശമാണെന്നും പ്രദേശവാസികൾക്ക് വ്യക്തമല്ല. തമ്പാനൂർ, പാൽക്കുളങ്ങര, പെരുന്താന്നി, സെക്രട്ടറിയേറ്റിനു സമീപം, കാരയ്ക്കാമണ്ഡപം എന്നിവിടങ്ങളിലൊക്കെ കുടുംബത്തിന് ഭൂമിയുണ്ടായിരുന്നത്രേ.

കണക്കുകൾ അൽപ്പം പെരുപ്പിച്ചതാണെന്ന് തോന്നാമെങ്കിലും എല്ലാ സ്വത്തുക്കൾക്കും കൂടി ഏതാണ്ട് 200 കോടിയിലേറെ വിലമതിക്കുമെന്നാണ് സംസാരം. ഇതിനൊന്നും പക്ഷേ, ആരുടേയും സ്ഥിരീകരണമില്ല. പ്രദേശവാസി കൂടിയായ പൊതുപ്രവർത്തകൻ അനിൽകുമാറിന്റെ പരാതിയിലൂടെയാണ് സ്വത്ത് തട്ടിപ്പ് ആരോപണവും കൂടത്തിൽ വീട്ടിലെ ദുരൂഹ മരണങ്ങളും വാർത്തകളിൽ നിറഞ്ഞത്. കൂടത്തായി കൊലപരമ്പരകളിൽ കേരളം ഞെട്ടിത്തരിച്ചിരിക്കെയാണ് കൂടത്തിൽവീടും പെട്ടെന്ന് നാടിന്റെ ശ്രദ്ധാകേന്ദ്രമായത്. തനിക്കെതിരെയുള്ള പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തിൽ അസ്വാഭാവികതയില്ലെന്നുമുള്ള വാദത്തിൽ കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഉറച്ചുനിൽക്കുമ്പോൾ സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

എല്ലാവിധ സൗകര്യങ്ങളോടുംകൂടി നാട്ടിൽ പ്രൗഢിയോടെ തലയുയർത്തി നിന്ന തറവാടാണ് കൂടത്തിൽ. വീട്ടുകാർക്ക് പക്ഷേ, നാട്ടുകാരുമായി അധികം ബന്ധമൊന്നുമില്ലാതിരുന്നു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി കൃഷിസ്ഥലങ്ങളും ഈ കുടുംബത്തിന്റെ പേരിലുണ്ടായിരുന്നു. മുമ്പ് പുറത്തും അകത്തുമായി നാലിലധികം ജോലിക്കാരും ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ ഓർക്കുന്നു. വീട്ടിലെ ഗൃഹനാഥനായിരുന്ന ഗോപിനാഥൻ നായർക്ക് സ്വന്തമായി കാറും രണ്ടു സ്‌കൂട്ടറുകളും പത്തോളം പശുക്കളും ഉണ്ടായിരുന്നു

ഗോപിനാഥൻ നായരുടെ അമ്മയുടെ പേരിൽ നേമത്തിനടുത്ത് കാരയ്ക്കമണ്ഡപത്തിൽ റോഡരികിലായി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നെന്ന വിവരമുണ്ടെന്നും നാട്ടുകാരിൽ ചിലർ പങ്കുവയ്ക്കുന്നു. തെങ്ങിൻ പുരയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് തേങ്ങകളാണ് ലഭിച്ചിരുന്നത്.

കൂടത്തിൽ വീടിന്റെ മദ്ധ്യഭാഗത്തായി ആരും തുറക്കാത്ത ഒരു മുറിയുണ്ടെന്നും നാട്ടിൽ സംസാരമുണ്ട്. സാമാന്യം വലിയ മുറിയാണിത്. ഈ മുറി തുറക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. ഈ മുറിയിൽ വിലപിടിപ്പുള്ള എന്തെല്ലാമോ ഉണ്ടെന്ന തരത്തിൽ ചില നിറംപിടിപ്പിച്ച കഥകളും പ്രചരിക്കുന്നുണ്ട്. ഈ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങളും ചെമ്പ് പാത്രങ്ങൾ അടക്കം വിലപിടിപ്പുള്ള മറ്റുപലതും ഈ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നാണ് നാട്ടിലെ കഥ. ഇതിൽ, എത്രത്തോളം സത്യമുണ്ടെന്ന് നാട്ടുകാർക്കുമറിയില്ല. മാത്രമല്ല, അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ആരെങ്കിലും അത് കടത്തിയിട്ടുണ്ടാകാമെന്നും നാട്ടുകാർക്കിടയിൽ അഭിപ്രായമുണ്ട്. എങ്കിലും ഇനിയും വിലപ്പിടിപ്പുള്ള പല വസ്തുക്കളും വീട്ടിലുണ്ടാകാമെന്നും പ്രദേശവാസികൾ സംശയം പ്രകടിപ്പിക്കുന്നു.