ബെയ്റൂട്ട്: അമേരിക്ക സിറിയയിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐസിസിന്റെ തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടത് ലോകം ആശ്വാസത്തോടെയാണ് കേട്ടത്. ഏകദേശം ഒരു പതിറ്റാണ്ടായി അമേരിക്ക നടത്തിയ ശ്രമങ്ങൾക്കുള്ള ഫലമാണിത്. ലോകത്തിലെ ഒന്നാംനമ്പർ ഭീകരനെ വകവരുത്തി നീതി നടപ്പാക്കി എന്നാണ് ട്രംപ് അവകാശപ്പെട്ടത്. ബ്രിട്ടനോളം വലിപ്പമുള്ള ഒരു രാഷ്ട്രം സ്ഥാപിച്ച് ഭീകരപ്രവർത്തനം നടത്തിയ ബാഗ്ദാദിയുടെ അന്ത്യം എന്തുകൊണ്ടും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ്. ബാഗ്ദാദി യുടെ നേതൃത്വത്തിൽ ഐസിസ് ലോകത്തിലെ ഒന്നാംനമ്പർ ഭീകരപ്രസ്ഥാനമായി മാറി എന്നത് ഓർക്കേണ്ടതുണ്ട്.
എന്നാൽ ബാഗ്ദാദാദിയുടെ മരണത്തിന്റെ ക്രഡിറ്റ് ഏറ്റെടുത്ത ട്രംപിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് സഖ്യസേനയുടെ ദീർഘകാല സഹായികളായ സിറിയൻ ജനാധിപത്യ സഖ്യം (എസ്.ഡി.എഫ് ).ബാഗ്‌ദാദിയെ ഇല്ലാതാക്കൾ മുഖ്യപങ്ക് വഹിച്ചത് തങ്ങളാണെന്ന് എസ്.ഡി.എഫ് അവകാശപ്പെട്ടു. അബുബക്കർ അൽ ബാഗ്ദാദിയുടെ സംഘത്തിനിടയിൽ തങ്ങൾ ചാരനെ നിയമിച്ച് നടത്തിയ നീക്കമാണ് ബാഗ്ദാദിയായെ കണ്ടെത്താൻ സഹായിച്ചതെന്ന് ഇവർ പറയുന്നു.
എന്നും തന്റെ ഒളിതാവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നയാളാണ് അൽ ബാഗ്ദാദി. ഇതിനെ തുടർന്ന് മേയ് 15 മുതൽ ബാഗ്ദാദിയുടെ നിരീക്ഷണങ്ങൾ സി.ഐ.എയുമായി ചേർന്ന് തങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. തുർക്കി അതിർത്തി പ്രദേശമായ ജെറാബ്ലസിലേക്ക് കടക്കാനിരിക്കെയാണ് കുർദ്ദുകൾ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയതെന്ന് സിറിയൻ ജനാധിപത്യ സഖ്യത്തിലെ ഉപദേഷ്ടാവ് പോളറ്റ് കാൻ പറഞ്ഞു. 'ഞങ്ങളുടെ ചാരൻ ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചു. അവ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഒളിവിൽ കഴിയുന്നയാൾ ബാഗ്ദാദി തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. ബാഗ്ദാദിയെ ഇല്ലാതാക്കാൻ ഒരു മാസം മുൻപ് തന്നെ പദ്ധതിയൊരുക്കിയിരുന്നു. എന്നാൽ വടക്കൻ സിറിയയിൽ നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിൻമാറ്റവും തുർക്കികളുടെ സൈനിക നീക്കവും ഓപ്പറേഷന് കാലതാമസം വരുത്തി'- കാൻ പറഞ്ഞു.
ഇപ്പോഴത്തെ സൈനിക ഓപ്പറേഷനിൽ യു.എസ് സൈന്യത്തിന് ആദ്യം മുതൽ അവസാനം വരെ കുർദുകളുടെ സഹായവും പിന്തുണയുണ്ടായിരുന്നുവെന്നും കാൻ അവകാശപ്പെട്ടു. ബാഗ്ദാദി കൊല്ലപ്പെടുന്ന വേളയിൽ എസ്.ഡി.എഫ് കമാന്റോ ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്നുവെന്നും ഐസിസ് നേതാവിന്റെ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചാണ് അദ്ദേഹം വിവരങ്ങൾ ചോർത്തി നൽകിയതതെന്നും എസ്.ഡി.എഫ് കമാന്റർ ജനറൽ മസ്ലോം കൊബാനി പ്രതികരിച്ചു. അതേസമയം എസ്ഡിഎഫ് പങ്കിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വ്യക്തമായ മറുപടി നൽകാൻ യു.എസ് ജോയിന്റ് ചീഫ് മാർക് മില്ലേയും തയ്യാറായില്ല.