പോക്സോ നിയമം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ചകളിലേക്ക് വീണ്ടും വിരൽ ചൂണ്ടുന്ന ഒരു കേസ് കൂടി സംസ്ഥാനത്ത് ആവർത്തിക്കപ്പെട്ടിരിക്കുന്നു. വാളയാർ കേസ്. പോക്സോ നിയമം കൃത്യമായ സംവിധാനമൊരുക്കി നടപ്പാക്കുന്നതിൽ നമുക്ക് തെറ്റുകൾ പറ്റിക്കൊണ്ടേയിരിക്കുന്നു. ഇത് ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് വീണ്ടും വീണ്ടും അവസരമൊരുക്കുകയാണ്. വരുംതലമുറയുടെ ഭാവി അവരുടെ സുരക്ഷിതത്വത്തിൻ മേൽ കെട്ടിപ്പടുക്കേണ്ടതാണ്. ചുറ്റുപാടിലും സ്വന്തം വീട്ടിൽപ്പോലും കുട്ടികൾ ആക്രമിക്കപ്പെടുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. നിസഹായരായ കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് നേരെ ഇനിയും കണ്ണടയ്ക്കരുത്. ഒരു കേസുണ്ടായാൽ അതിനെ ചുറ്റിപ്പറ്റിയുള്ള പലതരം ചർച്ചകളിലൂടെ കാടടച്ച് വെടിയുതിർക്കുന്നതിന് പകരം കുറ്റകൃത്യങ്ങൾ തടയാൻ ഇനിയെങ്കിലും ഗൗരവമായ ഇടപെടലുണ്ടാകണം.
പോക്സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം പഴുതുകൾ സൃഷ്ടിക്കുന്ന കേസന്വേഷണ രീതിയാണെന്ന് പറയേണ്ടി വരും. കോടതിക്ക് തെളിവുകളെയും വാദത്തെയും ആധാരമാക്കിയല്ലേ വിധി പറയാനാകൂ . പോക്സോ കേസിൽ ഇര കുട്ടിയായതു കൊണ്ട് കേസ് അന്വേഷിക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്യുന്ന പൊലീസും ചൂഷകനെ ശിക്ഷിക്കാനായി വാദിക്കുന്ന പ്രോസിക്യൂട്ടറും കുട്ടിയോട് പ്രത്യേക പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടതുണ്ട്. ഇത് രണ്ടും പലപ്പോഴും ഉണ്ടാകാറില്ല . ഇവയെല്ലാം ഉറപ്പാക്കുന്ന ഒരു സംവിധാനത്തിന് വേണ്ടിയാണു ശബ്ദം ഉയർത്തേണ്ടത് .
പ്രത്യേക പൊലീസ് ടീം
ഒരു കേസുണ്ടായാൽ പോക്സോയുടെ പ്രത്യേകതകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു ഇൻവെസ്റ്റിഗേറ്റിംഗ് ടീമിനായിരിക്കണം അന്വേഷണ ചുമതല. കുട്ടി സമ്മതപ്രകാരം ചെയ്തതാണെന്ന ന്യായീകരണം പറഞ്ഞ വാളയാർ കേസിലെ പോലീസ് ഉദ്യോഗസ്ഥൻ പോക്സോയുടെ അടിസ്ഥാന തത്വങ്ങൾ അറിയാത്ത ശുംഭനാണെന്ന് വ്യക്തം. കേരളത്തിലെ ബഹുഭൂരിപക്ഷം പോക്സോ കേസുകളും ഇമ്മാതിരി വിവരദോഷികളാണ് അന്വേഷിക്കുന്നത്. ഇത്തരക്കാരാണോ നിസഹായരായ കുഞ്ഞുങ്ങൾ ആക്രമിക്കപ്പെട്ട കേസുകൾ അന്വേഷിക്കേണ്ടത് ?
മറ്റ് കുറ്രകൃത്യങ്ങളുടെ അന്വേഷണത്തിരക്കിൽപ്പെട്ട ഒരു ഉദ്യോഗസ്ഥൻ യൂണിഫോം മാറ്റി സിവിൽ ഡ്രസിൽ പോക്സോ കേസുകൾ അന്വേഷിക്കാൻ ചെല്ലുന്നതാണ് സ്പെഷ്യൽ പൊലീസിന്റെ സ്റ്റൈൽ. ഈ രീതി മാറിയേ തീരൂ. പോക്സോ കേസുകളുടെ ബാഹുല്യം വർദ്ധിച്ച കാലഘട്ടത്തിൽ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകണം അന്വേഷണം നടത്തേണ്ടത്. അതിനായി ഓരോ ജില്ലയിലും പ്രതിബദ്ധതയുള്ള ടീം വേണം. കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ച് അവർ പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യട്ടെ . ഒരു വനിതാ ഐ.ജിയുടെ മേൽനോട്ടത്തിൽ വേണം സംസ്ഥാനത്ത് ഈ സംവിധാനം പ്രവർത്തിക്കേണ്ടത്.
ഉദ്യോഗസ്ഥർ അന്വേഷണ കാലയളവിൽ മെഡിക്കൽ, മാനസികരോഗ്യ സാമൂഹ്യ പ്രവർത്തന സംവിധാനങ്ങളുമായി കൈകോർക്കേണ്ടതുണ്ട്. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സഹായവും വേണ്ടി വരും. പരമ്പരാഗത പൊലീസ് രീതികളിൽ നിന്ന് പുറത്തു വന്ന് ഒരു രക്ഷാകർത്താവിന്റെ മനസുള്ളവർ മാത്രം മതി അന്വേഷണ സംഘത്തിൽ. അന്വേഷണ പരാധീനത പരിഹരിക്കാനുള്ള നടപടികൾക്ക് വാളയാർ നിമിത്തമാകട്ടെ .
വേണം പ്രോസിക്യൂട്ടർ പാനൽ
അടുത്തഘട്ടം കോടതിയിലാണ് . ഏതു വിധത്തിലുള്ള പ്രോസിക്യൂട്ടറാണ് പോക്സോ കേസിൽ ഹാജരാകുന്നതെന്നതും പ്രധാനമാണ്. ഒരു പതിവ് ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്ന മട്ടിൽ പോക്സോ കേസ് കൈകാര്യം ചെയ്യരുത്. ഇരയായ കുട്ടിയോട് അനുഭാവവും പരിഗണനയുമുള്ള നല്ല മനസുള്ളവരായിരിക്കണം അവർ .പോക്സോ കേസിൽ ഹാജരാകാൻ തയ്യാറുള്ള പ്രോസിക്യൂട്ടറന്മാരുടെ പാനൽ ഉണ്ടാക്കി അവർക്കു പ്രത്യേക പരിശീലനം നൽകണം . രാഷ്ട്രീയ ബന്ധം സംശയിക്കുന്ന കേസുകളിൽ അതതു സർക്കാരുകൾ നിയമിച്ച പ്രോസിക്യൂട്ടറന്മാരെ ഒഴിവാക്കണം. പോക്സോയിൽ പ്രതി വിട്ടയയ്ക്കപ്പെടുന്ന കേസുകൾ സൂക്ഷ്മമായി വിലയിരുത്താനുള്ള സംവിധാനവും വേണം. കാലയളവ് നീണ്ടുപോകാതെ പോക്സോ കേസുകൾ തീർപ്പാക്കാനുള്ള ഇച്ഛാശക്തി ജുഡിഷ്യറിക്കും ഉണ്ടാകണം. കെട്ടിക്കിടക്കുന്ന പോക്സോ കേസുകൾ സമൂഹ മനസാക്ഷിയെ പേടിപ്പെടുത്തുന്നു.
( ലേഖകൻ പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധനാണ് )