കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള സേലം ഈറോഡ് ഇൻവെസ്‌റ്ര്‌മെന്റ് ലിമിറ്രഡ് എന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ (എൻ.ബി.എഫ്.സി) പ്രമോട്ടർമാരുടെ 74.27 ശതമാനം ഓഹരികൾ ഏറ്രെടുത്താണ് ഐ.സി.എൽ ഫിൻകോർപ്പ് ബോംബെ സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിൽ (ബി.എസ്.ഇ) ലിസ്‌റ്ര് ചെയ്യുക.
ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌ത കമ്പനിയാണ് സേലം ഈറോഡ് ഇൻവെസ്‌റ്ര്‌മെന്റ് ലിമിറ്രഡ്. ലിസ്‌റ്രഡ് കമ്പനിയെ ഏറ്രെടുക്കുന്ന 'റീമെർജിംഗ്" നടപടിയിലൂടെയാണ് ഐ.സി.എൽ ഫിൻകോർപ്പ് ഓഹരി വിപണിയിലെത്തുക. ഇതിന് റിസർവ് ബാങ്കിന്റെയും സെബിയുടെയും അനുമതി ലഭിച്ചു. കൊൽക്കത്ത കമ്പനിയുടെ ബാക്കിയുള്ള 25 ശതമാനം ഓഹരികൾ കൂടി, പ്രമോട്ടർ ഓഹരികളുടെ വിലയ്ക്ക് തന്നെ ഏറ്രെടുക്കുന്ന 'പബ്ളിക് ഓഫറും" നടത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി, 15 മാസത്തിനകം ഐ.സി.എൽ ഫിൻകോർപ്പ് ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്യുമെന്ന് മാനേജിംഗ് ഡയറക്‌ടർ കെ.ജി. അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 'ഐ.സി.എൽ ഫിൻകോർപ്പ്" എന്ന പേരിലായിരിക്കും ലിസ്‌റ്രിംഗ്. ഓഹരിയൊന്നിന് 26.64 രൂപയ്ക്കായിരുന്നു കൊൽക്കത്ത കമ്പനിയുടെ ഓഹരി ഏറ്റെടുക്കൽ.
100 കോടി രൂപ മൂല്യമുള്ള, ഓഹരികളാക്കി മാറ്രാനാവാത്ത എൻ.സി.ഡി (കടപ്പത്രങ്ങൾ) നടപ്പുവർഷം ഐ.സി.എൽ ഫിൻകോർപ്പ് പുറത്തിറക്കും. യു.എ.യിൽ എല്ലായിടത്തും ബിസിനസ് സാന്നിദ്ധ്യം അറിയിക്കാനുള്ള ട്രേഡ് ലൈസൻസും കമ്പനിക്ക് ലഭിച്ചു. മൂന്നുമാസത്തിനകം പ്രവർത്തനം ആരംഭിക്കും.
ബെഹ്‌റിൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലും സാന്നിദ്ധ്യമറിയിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ഉമാ അനിൽകുമാർ, എ.ജി.എം ടി.ജി. ബാബു, ഇന്റേണൽ ഓഡിറ്റർ സജി മാത്യു എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
157
ഐ.സി.എൽ ഫിൻകോർപ്പിന് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുണ്ട്. ഇന്ന് ബംഗളൂരുവിൽ മൂന്ന് ശാഖകൾ കൂടി തുറക്കുന്നതോടെ, ആകെ ശാഖകൾ 157 ആകും. കേരളത്തിൽ 89 ശാഖകളുണ്ട്. നടപ്പുവർഷം അവസാനത്തോടെ ആകെ ശാഖകൾ 200 ആകും.
ഉത്തരേന്ത്യയിലേക്ക്
നടപ്പുവർഷം പോണ്ടിച്ചേരിക്ക് പുറമേ മഹാരാഷ്‌ട്ര, ഒഡിഷ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലേക്കും ഐ.സി.എൽ ഫിൻകോർപ്പ് ചുവടുവയ്ക്കും.
1000
2022ഓടെ ശാഖകളുടെ എണ്ണം ആയിരമാക്കുകയാണ് ഐ.സി.എൽ ഫിൻകോർപ്പിന്റെ ലക്ഷ്യം.
₹5,000 കോടി
നിലവിൽ 800 കോടി രൂപയാണ് ഐ.സി.എൽ ഫിൻകോർപ്പിന്റെ വിറ്രുവരവ്. 2022ഓടെ ലക്ഷ്യം 5,000 കോടി രൂപ.
95%
ഐ.സി.എൽ ഫിൻകോർപ്പിന്റെ 95 ശതമാനം നിക്ഷേപവും ഗോൾഡ് ലോണിലാണ്. വ്യക്തിഗത വായ്‌പ, ടൂവീലർ വായ്‌പ എന്നിവയും നൽകുന്നു. ഉപഭോക്താക്കൾ ഒരുലക്ഷം.
''ഗോൾഡ് ലോണിന് വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക്, സുതാര്യത, സുരക്ഷിതത്വം, മികച്ച ഉപഭോക്തൃ വിശ്വാസം എന്നിവയാണ് ഐ.സി.എൽ ഫിൻകോർപ്പിന്റെ വിജയരഹസ്യം",
കെ.ജി. അനിൽകുമാർ,
മാനേജിംഗ് ഡയറക്‌ടർ.
70%
ഐ.സി.എൽ ഫിൻകോർപ്പിലെ ജീവനക്കാരിൽ 70 ശതമാനവും വനിതകളാണ്.
സാമൂഹിക
പ്രതിബദ്ധത
1991ൽ ഇരിങ്ങാലക്കുട ആസ്ഥാനമായാണ് ഐ.സി.എൽ ഫിൻകോർപ്പിന്റെ തുടക്കം. ആരംഭകാലം മുതൽ സാമൂഹിക പ്രതിബദ്ധതയിലും (സി.എസ്.ആർ) മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവയ്ക്കുന്നു. ചികിത്സാ സഹായം, ഭവനരഹിതർക്ക് വീട്, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.