അട്ടപ്പാടി വനമേഖലയിൽ കേരള പൊലീസിലെ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ സായുധ സംഘത്തിലെ നാല് പേരെ വധിച്ചത് ഏറെ ആശ്വാസത്തോടെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. എന്നാൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരുമുണ്ട്. സ്ത്രീ പീഡകരെയും,അഴിമതി ചെയ്യുന്നവരെയും കുട്ടികളെ കൊലപ്പെടുത്തുന്നവർക്കുമെതിരെ തോക്ക് പ്രയോഗിക്കാതെ വനത്തിലുള്ളിൽ ഒളിച്ചു കഴിയുന്ന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസിന് അഭിവാദ്യങ്ങളെന്നാണ് മാവോയിസ്റ്റ് വേട്ടയിൽ സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചുവരെഴുതുക,പോസ്റ്റർ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളിൽ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും കയ്യിൽ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാൻ നിൽക്കാതെ വനത്തിനുള്ളിൽ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്ര്
ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ.