ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര കളിക്കാൻ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ടീമിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയിൽ നിന്ന് ഭീഷണി. അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നവംബർ 3 ന് നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടി 20 മത്സരത്തിനിടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും പ്രമുഖരായ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അജ്ഞാത കത്തിൽ പറയുന്നത്.
ഭീഷണി കത്ത് ലഭിച്ചതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ എൻ.ഐ.എ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവ് ലാൽ കൃഷ്ണ അദ്വാനി, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാഷ്ട്രിയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്) മേധാവി മോഹൻ ഭഗവത് എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.
എൻ.ഐ.എ ഈ കത്ത് ബി.സി.സി.ഐക്ക് കൈമാറി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ലഷ്‌കർ കോഹ്‌ലിയെയും പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടേക്കുമെന്നാണ് അജ്ഞാത കത്തിലെ സന്ദേശം. അതേസമയം, ഇതൊരു വ്യാജ ഭീഷണിയാകാമെന്ന വിലയിരുത്തലിലാണ് എൻ.ഐ.എ എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിനെ വിലകുറച്ച് അവർ കാണുന്നില്ല. അതിനാൽത്തന്നെയാണ് സുരക്ഷ കർശനമാക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിനെതിരെ മൂന്ന് ടി 20 കളിക്കും, അതിൽ ആദ്യത്തേത് ഞായറാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും