കൊച്ചി: മേയർ സൗമിനി ജെയിനിന് പിന്തുണയുമായി രണ്ട് കൗൺസിലർമാർ. കോൺഗ്രസ് അംഗം ജോസ് മേരിയും സ്വതന്ത്ര അംഗം ഗീത പ്രഭാകറുമാണ് മേയർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മേയറെ മാറ്റിയാൽ പിന്തുണ പിൻവലിക്കുമെന്ന് ഗീത പ്രഭാകർ വ്യക്തമാക്കി. നിലവിലെ നീക്കങ്ങൾ കൗൺസിലർമാർ അറിയുന്നില്ലെന്നും, ചില നേതാക്കളുടെ താൽപര്യമാണ് ബഹളങ്ങൾക്ക് കാരണമെന്നും അവർ പറഞ്ഞു.
അതേസമയം, സൗമിനി ജെയിനിനോട് തിരുവനന്തപുരത്തെത്താൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ ഭരണസമിതി പൂർണമായി അഴിച്ചുപണിയണമെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചിരുന്നു. മേയറെ മാത്രമല്ല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.
ഉപതിരഞ്ഞെടുപ്പ് ദിനത്തിലെ പേമാരിയുടെയോ കോടതി വിമർശനത്തിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച് രണ്ടര വർഷത്തിന് ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണ ഇനിയെങ്കിലും യാഥാർത്ഥ്യമാക്കണമെന്ന് മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേയറെ മാറ്റണമെന്ന അഭിപ്രായത്തോട് ആദ്യം വിയോജിച്ചുവെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി നാളെ നടത്താനിരിക്കുന്ന യോഗത്തിൽ ഇക്കാര്യംകൂടി പരിഗണിക്കാമെന്ന് ഒടുവിൽ മുല്ലപ്പള്ളി സമ്മതിച്ചു.കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം കോർപ്പറേഷനിൽ നേതൃമാറ്റം അനിവാര്യമാണെന്ന് വിലയിരുത്തിയിരുന്നു.
അതേസമയം തനിക്ക് കെ.പി.സി.സിയുടെ പിന്തുണയുണ്ടെന്നും തന്നെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി സംസ്ഥാനനേതൃത്വമാണെന്നും കഴിഞ്ഞദിവസം മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയിരുന്നു.