മുംബയ്: അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് താൻ തന്നെ മുഖ്യമന്ത്രിയാവുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50:50 ഫോർമുലയൊന്നും നടപ്പിലാക്കാൻ സാധിക്കില്ലെന്നും ശിവസേനയ്ക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദം നൽകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പുനൽകിയിട്ടില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. ശിവസേന എത്ര കടുപിടിത്തം പിടിച്ചാലും മുഖ്യമന്ത്രി സ്ഥാനത്ത് താൻ തന്നെയായിരിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഫഡ്നാവിസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന രംഗത്തെത്തി. മഹാരാഷ്ട്രയിൽ പിതാവ് ജയലിൽ കിടക്കുന്ന ദുഷ്യന്ത് ചൗട്ടാല ഇല്ലെന്ന് ശിവസേന ഓർമ്മിച്ചു. ഹരിയാനയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചത് ഓർമ്മപ്പെടുത്തിയായിരുന്നു ശിവസേനയുടെ മറുപടി. അമിത് ഷായും ഉദ്ധവ് താക്കറെയും തമ്മിൽ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ഒരു ഉടമ്പടിയുണ്ട്. അത് നടപ്പാക്കണം. ഞങ്ങൾക്ക് 50:50 ഫോർമുലയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും ശിവസേന പറഞ്ഞു.
ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകുമെന്ന് ഒരു ഉറപ്പും നൽകിയിട്ടില്ല. അടുത്ത അഞ്ച് വർഷവും സംസ്ഥാനത്ത് ബി.ജെ.പി സുഗമമായി ഭരിക്കുമെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇരുമുന്നണികളും അധികാര തർക്കം നിലനിൽക്കുന്നതോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ അനിശ്ചിതത്വത്തിലാണ്. സത്യപ്രതിജ്ഞ ഇനിയും നീളാനാണ് സാദ്ധ്യത. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്നത് തുടർന്നാൽ ശിവസേന മറ്റൊരു വഴി തിരഞ്ഞെടുത്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയെ കൊണ്ട് മറ്റൊരു വഴി തിരഞ്ഞെടുക്കാൻ ബി.ജെ.പി പ്രേരിപ്പിക്കരുതെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 105 സീറ്റ് ബി.ജെ.പിക്കും 56 സീറ്റ് ശിവസേനയ്ക്കുമാണ്. അതേസമയം, മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ വമ്പൻ ഓഫറുമായി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി സഖ്യം വേർപ്പെടുത്തിയാൽ ശിവസേനയുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് കോൺഗ്രസ് നേതാവും സംസ്ഥാന അദ്ധ്യക്ഷനുമായി ബാലാ സാഹേബ് തോററ്റ് പറഞ്ഞിരുന്നു.