പെൺകുട്ടികളുള്ള കുടുംബത്തിന് പ്രാമുഖ്യം നൽകി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഏർപ്പെടുത്തിയിട്ടുള്ള ജനകീയമായി ആരോഗ്യ സുരക്ഷ പദ്ധതിയാണ് ആശ കിരൺ. പതിനെട്ട് മുതൽ അറുപത്തിയഞ്ച് വയസ് വരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാവാൻ കഴിയും. അതേസമയം ഇരുപത്തിയഞ്ച് വയസുവരെയാണ് പെൺകുട്ടികൾക്ക് ചേരാനുള്ള പ്രായപരിധി. മാതാപിതാക്കളെ ആശ്രയിച്ച് കഴിയുന്ന ഇരുപത്തിയഞ്ച് വയസുവരെ പ്രായമുള്ള പെൺകുട്ടികളുള്ള കുടുംബത്തിന് എടുക്കാവുന്ന മികച്ച ആരോഗ്യ ഇൻഷുറൻസാണ് ആശ കിരൺ. രണ്ട്,മൂന്ന്,അഞ്ച് കൂടാതെ എട്ട് ലക്ഷം രൂപയുടെ പോളിസികളാണ് ഈ പദ്ധതിയിലുള്ളത്. ഓരോ കുടുംബത്തിനും അവരുടെ ആവശ്യാനുസരണം പോളിസി തിരഞ്ഞെടുക്കാനാവും. പദ്ധതിയിൽ ചേരുന്ന കുടുംബത്തിലെ അംഗങ്ങളുടെ പ്രായം അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്.
ആശാകിരൺ പദ്ധതിയിൽ ഒരു കുടുംബത്തിൽ നിന്നും പരമാവധി നാലു പേർക്കാണ് ചേരാനാവുന്നത്. അതായത് കുടുംബനാഥൻ, ഭാര്യ, രണ്ട് പെൺകുട്ടികൾ. ആൺകുട്ടികൾക്ക് ഈ പദ്ധതിയിൽ അംഗമാവാനാവില്ല. ഒരു കുടുംബത്തിൽ അംഗമാവുന്നവരിൽ ഭാര്യയ്ക്കും ഗൃഹനാഥനും ആരോഗ്യ സുരക്ഷയ്ക്ക് പുറമേ അപകട ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത. ചികിത്സയ്ക്ക് ലഭിക്കുന്ന തുകയിൽ ആശുപത്രിയിലെ മുറി വാടക, ഐ.സി.യു ചാർജ്, തിയറ്റർ ചാർജ് തുടങ്ങി മരുന്നുകൾക്കുള്ള ചിലവുൾപ്പടെ ലഭിക്കും. അവയവ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സയ്ക്കുള്ള ചിലവും പോളിസിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പദ്ധതിയിൽ ചേരുന്ന സമയത്തുള്ള അസുഖങ്ങൾക്ക് നാല് വർഷം കഴിഞ്ഞ ശേഷമേ ചികിത്സാ ചെലവ് നൽകൂ, ഇതു കൂടാതെ പദ്ധതിയിൽ അംഗമായിട്ടുള്ള ആദ്യമാസത്തിൽ ചികിത്സ ചിലവ് ലഭിക്കുകയില്ല.