രക്ഷാദൗത്യം വിഫലമായി
തിരുച്ചിറപ്പള്ളി: കാത്തിരിപ്പും പ്രാർത്ഥനകളും രക്ഷാദൗത്യവും എല്ലാം വിഫലമായി. കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ സുജിത് വിൽസൺ എന്ന രണ്ടു വയസുകാരന്റെ ജീവൻ പൊലിഞ്ഞു. പൊന്നു മകൻ കുഴൽക്കിണറിൽ കിടക്കുമ്പോഴും അവനു വേണ്ടി കുഞ്ഞുടുപ്പ് തുന്നിയ അമ്മയുടെ അവസാന പ്രതീക്ഷയും കെടുത്തിക്കൊണ്ടാണ് രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ അവന്റെ ജഡം പുറത്തെടുത്തത്. തിരുച്ചിറപ്പള്ളി മലൈയാടിപ്പാട്ടിയിലെ ഫാത്തിമ പുദുർ ഗ്രാമം ആകെ ദുഃഖത്തിൽ അമർന്നു. കണ്ണീർ വാർത്തുനിന്ന ബന്ധുക്കളുടെയും തടിച്ചുകൂടിയ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ എട്ട് മണിയോടെ മൃതദേഹം സംസ്‌കരിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടു പരിസരത്തെ പുരയിടത്തിൽ കളിക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ കുഞ്ഞ് വീണത്. വ്യാസം വളരെ കുറഞ്ഞ കുഴൽക്കിണറിൽ നിന്ന് എൺപത് മണിക്കൂറോളം കഴിഞ്ഞാണ് അവന്റെ ജഡം പുറത്തെടുക്കുന്നത്.
ഏകദേശം നൂറടി ആഴത്തിലാണ് കുഞ്ഞ് കുടുങ്ങിയത്. യന്ത്രങ്ങൾ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കിണർ കുഴിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉപരിതലത്തിൽ നിന്ന് രണ്ടടി കുഴിച്ചപ്പോൾ മുതൽ പാറ ആയതിനാൽ പ്രതീക്ഷിച്ച വേഗതയിൽ കുഴി എടുക്കാൻ കഴിഞ്ഞില്ല.
കുഴൽക്കിണറിൽ കാമറ ഇറക്കിയുള്ള പരിശോധനയിൽ കുഞ്ഞ് ജീവനോടെ ഉണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്‌ച രാത്രി കുഴൽക്കിണറിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങി. തുടർന്ന് ഡോക്ടർമാരാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. അതോടെ രക്ഷാ ദൗത്യം നിറുത്തി വച്ചു. പിന്നെ കുഴൽക്കിണറിൽ നിന്ന് നേരിട്ട് മൃതദേഹം എടുക്കാനായി ശ്രമം. കുഞ്ഞ് വളരെ നേരത്തേ മരിച്ചു എന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയതിനാൽ ശരീര ഭാഗങ്ങൾ വേർപെട്ട നിലയിലാണ് പുറത്തെടുത്തത്. മൃതദേഹം അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശവപ്പെട്ടിയിൽ അടച്ച് ഫാത്തിമ പുദുർ ഗ്രാമത്തിൽ എത്തിച്ചു. അവിടെ രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകൾ പൊന്നോമനയ്‌ക്ക് കണ്ണീർപ്പൂക്കളർപ്പിച്ചു. എട്ടരയോടെ സംസ്‌കരിച്ചു.
മാതാപിതാക്കൾ രക്ഷാദൗത്യം
ടിവിയിൽ കണ്ടിരുന്നു;
കുഞ്ഞ് ബക്കറ്റിൽ മുങ്ങി മരിച്ചു
തൂത്തുക്കുടി: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ടെലിവിഷനിൽ കണ്ടിരുന്ന മാതാപിതാക്കളുടെ രണ്ട് വയസുള്ള പെൺകുഞ്ഞ് ബക്കറ്റിൽ മുങ്ങി മരിച്ചു.
തൂത്തുക്കുടി ത്രേസ്‌പുരം ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രേവതി സഞ്ജന എന്ന ബാലികയാണ് മരിച്ചത്. കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ കളിക്കുകയായിരുന്നു. മാതാപിതാക്കൾ കുഞ്ഞിനെ മറന്ന് ടി.വിയിൽ രക്ഷാദൗത്യത്തിൽ മുഴുകിപ്പോയി. പെട്ടെന്നാണ് കുഞ്ഞിന്റെ കാര്യം ഓർമ്മിച്ചത്. ഓടിച്ചെന്ന് നോക്കുമ്പോൾ കുഞ്ഞ് ബക്കറ്റിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.